ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകള്‍ ലേലത്തിനു മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. വിലക്ക് മാറി തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കു എം.എസ്.ധോണി തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ സവിശേഷത. ഇന്നായിരുന്നു കളിക്കാരുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി. 27നാണ് ഐപിഎല്‍ താര ലേലം. ഫ്രാഞ്ചൈസിയില്‍ വിടുതല്‍ നല്കുന്ന കളിക്കാര്‍ ലേലത്തില്‍ പങ്കെടുക്കും.
ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയെയും ഹര്‍ദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിലനിര്‍ത്തി. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് എന്നിവരൊയണ് നിലനിര്‍ത്തിയത്.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ധോണിക്കു പുറമേ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെ നിര്നിര്ത്തി. കിംഗ്സ് ഇലവന് പഞ്ചാബ് അക്സര്‍ പട്ടേലിനെ മാത്രം നിലനിര്‍ത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സുനില്‍ നരെയ്ന്, ആന്ദ്രെ റസല്‍ എന്നിവരെ ലേലത്തിനു വിടേണ്ടെന്നു തീരുമാനിച്ചു.
രാജസ്ഥാന് റോയല്‍സ് രണ്ടു വര്‍ഷം റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്സിനൊപ്പമായിരുന്ന ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനെ മാത്രം നിലനിര്‍ത്തിയപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്‍ പട്ടിക ഒതുക്കി. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സാകട്ടെ വിരാട് കോഹ്ലി, എ.ബി.ഡിവില്ല്യേഴ്സ്, സര്‍ഫ്രാസ് ഖാന് എന്നിവരെ നിലനിര്‍ത്തി പട്ടിക സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: