ന്യൂദല്‍ഹി: ഇന്ത്യയുടെ ചാരനെന്നാരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ പുതിയ വീഡിയോയുമായി പാക്കിസ്ഥാന്. ഇന്ത്യയെ കുറ്റപ്പെടുത്തിയും പാക്കിസ്ഥാനെ അനുകൂലിച്ചും ജാദവ് സംസാരിക്കുന്ന വീഡിയോ പാക് വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. ജാദവിനെ ജയിലിലെത്തി സന്ദര്‍ശിച്ച ഭാര്യയെയും അമ്മയെയും പാക്കിസ്ഥാന് അപമാനിച്ചതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് പാക് ശ്രമം.
താന്‍ ഇപ്പോഴും ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനാണെന്ന് വീഡിയോയില്‍ ജാദവ് പറയുന്നു. സന്തോഷത്തോടെയാണ് ജയിലില്‍ കഴിയുന്നത്. ജയിലില്‍ സന്ദര്‍ശിച്ച ഭാര്യയോടും അമ്മയോടും ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി. സിങ്ങ് ദേഷ്യപ്പെട്ടു. അമ്മയുടെ കണ്ണുകളില്‍ ഭയമായിരുന്നു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. അമ്മ സന്തോഷവതിയാണെന്നും ജാദവ് പറയുന്നു.
ചില്ലു മറയ്്ക്ക് ഇരുവശത്തുമിരുന്ന് ഇന്റര്‍കോമിലൂടെയാണ് ജാദവ് ഭാര്യയോടും അമ്മയോടും സംസാരിച്ചത്. ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദേഷ്യപ്പെട്ടെങ്കില്ത്തന്നെ ജാദവിന് കേള്‍ക്കാനോ കാണാനോ സാധിക്കില്ല. മുക്കാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച പാക് അധികൃതര്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ വീഡിയോ പാക്കിസ്ഥാന് പുറത്തുവിട്ടിട്ടുമില്ല.
കസ്റ്റഡിയിലുള്ള ജാദവിനെ ഭീഷണിപ്പെടുത്തിയോ മര്ദ്ദനത്തിനിരയാക്കിയോ ആകാം പുതിയ വീഡിയോ ചിത്രീകരിച്ചതെന്നാണ് കരുതുന്നത്. പാക്കിസ്ഥാന്റെ നടപടിയില്‍ അത്ഭുതമില്ലെന്നും ഇത്തരം പ്രചാരവേലകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഭീഷണിപ്പെടുത്തി പറയിപ്പിച്ച് വീഡിയോ പുറത്തുവിടുന്നത് പാക്കിസ്ഥാന് തുടരുകയാണ്. ഇതിന് വിശ്വാസ്യതയില്ലെന്ന് അവര്‍ മനസിലാക്കണം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ക്കിടക്കുന്നത് സന്തോഷത്തോടെയാണെന്ന് ജാദവ് സ്വമേധയാ പറയുമെന്ന് കരുതുന്നവരോട് പ്രതികരിക്കാനില്ല. ജാദവിനെ സന്ദര്‍ശിക്കാന്‍ നയതന്ത്രപ്രതിനിധികളെ അനുവദിച്ച് അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കുകയാണ് പാക്കിസ്ഥാന് ചെയ്യേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: