കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ നടന് ദിലീപിന് ജയിലില്‍ അനര്‍ഹമായി സൗകര്യങ്ങള്‍ അനുവദിച്ചുവെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ചട്ടലംഘനം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം പരിഗണിച്ചാണ് പൊതുതാല്പര്യ ഹര്‍ജി കോടതി തള്ളിയത് .ദിലീപിന് ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആരോപണം. വിവരാവകാശ പ്രകാരം ലഭിച്ച ജയില്‍ രേഖകളില്‍ ഇവ വ്യക്തമായിരുന്നു.
നടന് സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നടനും എംഎല്‍എയുമായ കെ.ബി ഗണേഷ്കുമാര് ജയിലില്‍ എത്തിയതും കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ജയില്‍ ഡിജിപിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയത്.
അവധി ദിവസങ്ങളില്‍ പോലും സന്ദര്‍ശനം അനുവദിച്ചതായും ജയില്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. നടന് ജയറാമില് നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൈമാറാന്‍ അനുമതി നല്‍കിയത്. ഒരു ദിവസം മാത്രം 13 പേര്‍ക്ക് വരെ സന്ദര്‍ശനം അനുവദിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: