ന്യൂദല്‍ഹി: മുത്തലാഖ് ബില്ലിനെ ലോക്സഭയില്‍ അനുകൂലിച്ച കോണ്‍ഗ്രസ് രാജ്യസഭയില്‍ എതിര്‍ത്തു. നാലു ദിവസത്തിന് ശേഷം രാജ്യസഭയില്‍ എതിര്‍ത്ത കോണ്‍ഗ്രസിന്റെ നിലപാടിനെ കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍പ്രസാദ് അപലപിച്ചു. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും കാപട്യവും ജനങ്ങള്‍ തിരിച്ചറിയുമെന്നും നിയമമന്ത്രി പറഞ്ഞു. പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭയില്‍ ഇന്നലെ ബില്‍ അവതരണം നീട്ടി.
ബില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്.പതിനാലു പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആവശ്യം ഉന്നയിച്ച് രാജ്യസഭാ അധ്യക്ഷന്‍ കത്തു നല്കി. ഭരണഘടനാ വിരുദ്ധമായ ആവശ്യമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
ബില്‍ സെലക്ട് കമ്മറ്റിക്ക് വിടാത്തത് ഭരണഘടനാ വിരുദ്ധമായതിനാലാണെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണം. ഫെബ്രുവരി 22ന് സുപ്രീംകോടതി അനുവദിച്ച സമയം അവസാനിക്കും. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്നും പുതിയ നിയമം നിര്‍മ്മിക്കണമെന്നും ഉത്തരവിട്ടത് സുപ്രീംകോടതിയാണ്. നിയമം പാസായില്ലെങ്കില്‍ സുപ്രീംകോടതിയുടെ വിലക്കുണ്ടാകുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഇന്ന് ബില്‍ രാജ്യസഭയില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. മുത്തലാഖ് ബില്‍ പാസാക്കുമെന്ന പ്രതീക്ഷയില്‍ നൂറുകണക്കിന് മുസ്ലിം സ്ത്രീകളാണ് ഇന്നലെ സന്ദര്‍ശക ഗാലറിയില്‍ നിറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: