പത്തനംതിട്ട: ജില്ലാ ജനറല്‍ ആശുപത്രിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തോന്നും വിധം. നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, എ ബ്ലോക്ക് എന്നിവിടങ്ങളിലായാണ് പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദിനം പ്രതി നൂറുകണക്കിന് രോഗികള്‍ എത്തുന്ന ജനറല്‍ ആശുപത്രിയില്‍ പാര്‍ക്കിംഗ് സംവിധാനം പരിമിതമാണെന്നിരിക്കെ തന്നെയാണ് വാഹനങ്ങളുടെ തോന്നും വിധമുള്ള പാര്‍ക്കിംഗ് നടക്കുന്നത്.
കാല് നടയാത്രക്കാരായ രോഗികള്‍ക്കും മറ്റും ബുദ്ധിമുട്ട് സൃഷ്ടിക്കും വിധം വാഹനങ്ങള്‍ നെടുകയും കുറുകയും പാര്‍ക്ക് ചെയ്യുന്നത് സ്ഥിരം സംഭവമാണ്. പാര്‍ക്ക് ചെയ്യുന്ന ഓരോ വാഹനത്തിനും 10 രൂപയാണ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ഈടാക്കുന്നത്. പൈസ വാങ്ങുന്നതല്ലാതെ ഉത്തരവാദിത്തപ്പെട്ടവര്‍ കൃത്യമായ പാര്‍ക്കിംഗ് മേഖല പറഞ്ഞു കൊടുക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാത്തതാണ് ഇത്തരം പാര്‍ക്കിംഗിനുള്ള പ്രധാന കാരണമായി പറയുന്നത്.
ഇത് പലര്‍ക്കും വാഹനവുമായി പുറത്ത് കടക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഡ്രെവര്‍മാര്‍ തമ്മില്‍ പരസ്പരം കലഹിക്കുന്നതും സ്ഥിരം കാഴ്ചയാണ്.
ആശുപത്രിയിലെ പ്രധാന മേഖലയായ ബി ആന്‍ഡ് സി ബ്ലോക്കിലേക്കുള്ള പാതയിലാണ് ഇത്തരത്തിലുള്ള പാര്‍ക്കിംഗ് അധികവും. ആശുപത്രിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഫയര്‍ ഫോഴ്സിന്റെ വാഹനത്തിന് പോലും അകത്തേക്ക് പ്രവേശിക്കാന്‍ പറ്റാത്ത വിധത്തിലാണ് ഓരോ വാഹനങ്ങളുടെയും പാര്‍ക്കിംഗ്.
പീഡിയാട്രിക്, ന്യൂറോളജി ഓപി വിഭാഗത്തിനു മുന്നിലെ പാര്‍ക്കിംഗാണ് കൂടുതല്‍ ദുഷ്ക്കരം. ആളുകള്‍ വാഹനങ്ങള്‍ക്കിടയിലൂടെ വളരെയധികം ബുദ്ധിമുട്ടിയാണ് ഈ ഒപി വിഭാഗങ്ങളിലക്ക് പലപ്പോഴും പ്രവേശിക്കുന്നത്. പ്രധാന നടപ്പാതകളിലും പ്രവേശന കവാടങ്ങള്‍ക്കും മുന്നിലുള്ള വാഹനങ്ങളുടെ ഇത്തരം പാര്‍ക്കിംഗ് നിയന്ത്രിക്കാന്‍ ആശുപത്രി അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: