പാക്കിസ്ഥാന് അന്നും ഇന്നും ഒരേ മുഖമേയുള്ളൂ, ചതിയുടേയും ഭീകരതയുടേയും മുഖം. ചൈനയെപ്പോലെ വിശ്വസിക്കാന്‍ കൊള്ളാത്ത അയല്‍പ്പക്കം. ഭീകരതയുടെ അപ്പോസ്തല രാഷ്ട്രമാണിന്നു പാക്കിസ്ഥാന്. അധാര്‍മികതയുടെ വാതിലുകളെല്ലാം പാക്കിസ്ഥാന് തുറന്നിടുന്നത് ഇന്ത്യയ്ക്കു നേരെയാണ്. ഒന്നുപറയും മറ്റൊന്നു പ്രവര്‍ത്തിക്കും.
നന്മയും സമാധാനവും പറഞ്ഞാല്‍ തൊട്ടടുത്ത നിമിഷം അവരില്‍നിന്നും അക്രമം പ്രതീക്ഷിക്കാം എന്നതാണ് ഇന്ത്യ പഠിച്ചപാഠം. ഇന്ത്യയുമായി സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്നുവെന്ന് പാക്കിസ്ഥാന് സൈനികമേധാവി പറഞ്ഞതിനു തുടര്‍ ദിവസങ്ങളിലാണ് പാക്കിസ്ഥാനില്‍ നിന്നും ആക്രമണം ഉണ്ടായത്. ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു.
ദുര്‍ബലമാണ് പാക്കിസ്ഥാനെങ്കിലും ഭീകരതയെ ഇന്ത്യയിലേക്കു കയറ്റി അയക്കുന്നതില്‍ യാതൊരു കുറവുമില്ല. സര്‍ക്കാരും സൈന്യവും അറിഞ്ഞാണ് പാക്കിസ്ഥാന് ഭീകരര്‍ക്കു ചെല്ലും ചെലവും കൊടുക്കുന്നത്. ഭീകരതയുടെ തലവനായിരുന്ന അല്‍ ഖ്വയ്ദയുടെ ബിന്‍ ലാദന് സുരക്ഷാതാവളമായിരുന്നു പാക്കിസ്ഥാന്. അതുപോലെതന്നെ അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന് സ്വന്തംവീടുപോലെയാണ് പാക്കിസ്ഥാന്.
ഭീകരതയെ തടഞ്ഞില്ലെങ്കില്‍ പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന നിലയിലാണ് അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ നീക്കങ്ങളുള്ളത്. എന്നാല്‍ അമേരിക്ക പാക്കിസ്ഥാനു നല്‍കിയിരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കി. അമേരിക്ക കഴിഞ്ഞദിവസം ഇത്തരം സഹായം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടു പോയില്ലെങ്കില്‍ പാക്കിസ്ഥാനു നല്‍കിവരുന്ന വന്‍ സഹായം നല്‍കില്ലെന്നു പറഞ്ഞതിനു പിന്നാലെയാണ് അമേരിക്ക അതു നിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി നല്‍കിയിരുന്ന ധനസഹായമാണ് ഇങ്ങനെ നിര്‍ത്തലാക്കിയത്. 33 ബില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ സഹായമായി നല്‍കിയിട്ടുള്ളത്. സഹായത്തിനു പകരം തങ്ങളെ വഞ്ചിക്കുന്ന പരിപാടിയാണ് പാക്കിസ്ഥാന് ചെയ്തുകൊണ്ടിരുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇക്കാരണംകൊണ്ടായിരിക്കും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടനയായ ജമാ അതുദ്ദ അ്ദവയുടെ തലവനുമായ ഹാഫിസ് സെയ്ദിന്റെ ആസ്തികള്‍ കണ്ടുകെട്ടാന്‍ പാക്കിസ്ഥാന് തീരുമാനിച്ചത്. പ്രാദേശിക ഭരണകൂടങ്ങളോട് ആസ്തികള്‍ ഏറ്റെടുക്കാന്‍ രഹസ്യ നിര്‍ദേശം കൊടുത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പാക്കിസ്ഥാന്റെ ഭരണാധികാരികള്‍ എല്ലാംതന്നെ അവര്‍ക്കു തങ്ങളുടെ നാട്ടില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇന്ത്യയെ അസ്വസ്ഥമാക്കുന്ന സംഭവങ്ങള്‍ മനപ്പൂര്‍വം സൃഷ്ടിക്കുന്നത് പതിവു രീതിയായിരുന്നു. കിഴക്കിന്റെ മകള്‍ എന്ന വ്യാജപ്പേരു സ്വയംസ്വീകരിച്ച ബേനസിര്‍ ഭൂട്ടോ ഇക്കാര്യത്തില്‍ മുന്നിലായിരുന്നു. അതിന്റെ തിക്തഫലങ്ങള്‍ അവര്‍തന്നെ അനുഭവിച്ചു.ബേനസിറിന്റെ മരണത്തിനു പിന്നില്‍ അല്‍ ഖ്വയ്ദയുടെ കൈകളുണ്ടെന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്ത് പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: