കുന്നത്തൂര്‍:ചക്കുവള്ളി ഒസ്താമുക്ക് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ട് വിളയില്‍ സുധീര്‍ (44) കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ടാപ്പിങ് തൊഴിലാളിയെ ശാസ്താംകോട്ട കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പേച്ചിപ്പാറ മണിയാംകുളം സ്വദേശി വര്‍ഗീസ്(37)നെയാണ് റിമാന്‍ഡ് ചെയ്തത്.
പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാളെ തെളിവെടുപ്പ് പൂര്‍ത്തീകരിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ഫോറന്‍സിക് വിദഗ്‌ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. കൊലയ്‌ക്ക് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട സുധീറിന്റെ ചായക്കടയില്‍ വര്‍ഗീസ് നല്‍കാനുണ്ടായിരുന്ന പണത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വര്‍ഗീസ് അടക്കമുള്ള ടാപ്പിങ് തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലെത്തി സുധീര്‍ പറ്റ് കാശ് ആവശ്യപ്പെട്ടത് സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് വര്‍ഗീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ച് വയറ്റില്‍ കുത്തുകയായിരുന്നു. പ്രതിയായ വര്‍ഗീസിനെ സംഭവ സമയത്തു തന്നെ നാട്ടുകാര്‍ തടഞ്ഞുവച്ച് ശൂരനാട് പോലീസിനു കൈമാറിയിരുന്നു. കൊല്ലപ്പെട്ട സുധീറിന്റെ മൃതദേഹം ഇന്നലെ ഉച്ചക്ക് പോരുവഴി ഹനഫി ജമാ അത്ത് കബറിസ്ഥാനില്‍ കബറടക്കി.
















