കൊട്ടാരക്കര: സോളാര്‍ കേസില്‍ സരിത എസ്.നായര്‍ക്കും ഗണേഷ് കുമാറിനുമെതിരെ, സരിതയുടെ മുന്‍ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി.
സോളാര്‍ കമ്മിഷന്‍ മുമ്പാകെ സരിത നല്‍കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗണേഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എഴുതി ചേര്‍ത്തതാണെന്ന് ആരോപിച്ച് മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറും കോണ്‍ഗ്രസ് നേതാവുമായ സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഫെനി ബാലകൃഷ്ണന്‍ കോടതിയില്‍ മൊഴി നല്‍കിയത്. സുധീര്‍ ജേക്കബ് ഹര്‍ജിയില്‍ ആരോപിച്ച ആരോപണങ്ങള്‍ ശരിവയ്‌ക്കുന്ന തരത്തിലാണ് ഫെനി ബാലകൃഷ്ണന്‍ കോടതിയില്‍ മൊഴി നല്‍കിയത്. സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ 25 പേജുകളുള്ള കത്ത് പത്തനംതിട്ട ജില്ലാ ജയിലില്‍ വച്ച് ഫെനി ബാലകൃഷ്ണന്‍ കൈപറ്റുമ്പോള്‍ 21 പേജുകളേ ഉണ്ടായിരുന്നുള്ളു എന്നും പിന്നീട് ആ കത്ത് ഗണേഷ് കുമാറിന്റെ ബന്ധുവായ ശരണ്യാ മനോജിനെ ഏല്‍പ്പിച്ചതായും പിന്നീട് ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ശരണ്യ മനോജും ഗണേഷ് കുമാറിന്റെ പി.എ പ്രദീപ് കുമാറും ചേര്‍ന്ന് നാലുപേജുള്ള ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി സരിതയെ ഏല്പിക്കുകയും സരിത അന്നേ ദിവസം തന്നെ നാല് പേജ് കൂടി തിരുവനന്തപുരത്തെ വസതിയില്‍ വച്ച് പുതുതായി എഴുതി ചേര്‍ത്തുവെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതാണ് ഇത് ചെയ്യുന്നതിന് പ്രേരണ ആയിട്ടുള്ളതെന്നും ഫെനി ബാലകൃഷ്ണന്‍ കോടതി മുമ്പാകെ മൊഴി നല്‍കി. കേസ്സിന്റെ തുടര്‍നടപടികള്‍ക്കായി പത്തനംതിട്ട ജയില്‍സൂപ്രണ്ട്, നോഡല്‍ ഓഫീസര്‍ മാര്‍ എന്നിവരെ വിസ്തരിക്കുന്നതിലേക്കായി 2018 ജനുവരി 19ലേക്ക് കോടതി ഉത്തരവായി. വാദി സുധീര്‍ ജേക്കബിന് വേണ്ടി അഡ്വ.ജോളി അലക്‌സ് കോടതിയില്‍ ഹാജരായി.
















