തിരുവനന്തപുരം: സംഘര്‍ഷത്തിനു ശേഷം തിരുവനന്തപുരം നഗരസഭയുടെ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. 260 അജണ്ടകളും ആറ് പ്രമേയങ്ങളുമാണ് ഇന്ന് കൗണ്‍സിലില്‍ ചര്‍ച്ചയ്‌ക്കുള്ളത്. ഈ ബ്രഹ്മാണ്ഡ അജണ്ട ചര്‍ച്ചചെയ്യാനുള്ള സമയമാകട്ടെ വെറും മൂന്നര മണിക്കൂര്‍.
ഭരണപ്രതിപക്ഷഅംഗങ്ങള്‍ തമ്മില്‍ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് യോഗം ചേരുന്നത്. കഴിഞ്ഞ 18ന് നടന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു സംഘര്‍ഷം. നഗരസഭാ പരിധിയില്‍ എംഎല്‍എ, എംപി ഫണ്ടില്‍ നിന്നുള്ള ഹൈമാസ്റ്റ് ലൈറ്റ് വേണ്ടന്ന നിലപാടുമായി മേയര്‍ വി.കെ. പ്രശാന്തും കൂട്ടരും നിലപാട് കൈക്കൊണ്ടപ്പോള്‍ ലൈറ്റുകള്‍ വേണമെന്ന് ബിജെപിയും യുഡിഎഫും സിപിഐയും ആവശ്യപ്പെട്ടിരുന്നു. പ്രമേയം വോട്ടിനിട്ടപ്പോള്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ ലൈറ്റ് സ്ഥാപിക്കല്‍ ഭേദഗതികളോടെ നടപ്പാക്കുമെന്ന മേയറുടെ അറിയിപ്പാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മേയര്‍ ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇരുപക്ഷത്തെയും അംഗങ്ങള്‍ ആശുപത്രി ചികിത്സയിലായി. തുടര്‍ന്ന് കൗണ്‍സിലറെ ജാതി പറഞ്ഞ് അധിഷേപിച്ചെന്ന പരാതിയില്‍ പട്ടികജാതി പീഡനനിയമപ്രകാരം മേയര്‍ക്കെതിരെ കേസെടുത്തു. മേയര്‍ക്കെതിരെയുള്ള നിയമ നടപടി തുടരുന്നതിനിടയിലാണ് ഇന്ന് യോഗം ചേരുന്നത്.
സാധാരണ മാസത്തില്‍ രണ്ട് കൗണ്‍സില്‍ യോഗങ്ങളാണ് ചേരാറുള്ളത്. 150 നകത്ത് അജണ്ടകള്‍ ഉണ്ടാകും. ഈ യോഗങ്ങളില്‍പ്പോലും സമയക്കുറവ് കാരണം അജണ്ട വിശദമായി ചര്‍ച്ച ചെയ്യാതെ വായിച്ചുവിടുകയാണ് പതിവ്. കൗണ്‍സില്‍ യോഗം കൂടിയിട്ട് ഒന്നരമാസമായി. ഈ വസ്തുത നിലനില്‍ക്കെയാണ് ചുരുങ്ങിയ സമയത്തിനുള്ള ബ്രഹ്മാണ്ഡ അജണ്ട പാസ്സാക്കാന്‍ ഇന്ന് യോഗം ചേരുന്നത്. താലൂക്ക് ആസ്ഥാനങ്ങളിലെ നഗരസഭകളില്‍ പോലും ആവശ്യം കണക്കിലെടുത്ത് മൂന്നും നാലും അടിയന്തര യോഗങ്ങള്‍ ചേരാറുണ്ട്.
മരാമത്ത് വിഭാഗത്തില്‍ 80 അജണ്ടകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ അധികവും സാമ്പത്തിക വര്‍ഷത്തിനുമുമ്പ് പണിതീര്‍ക്കേണ്ടവയാണ്. അതിനാല്‍ ഇവ വിശദമായ ചര്‍ച്ചകൂടാതെ പാസ്സാക്കേണ്ടതായി വരും. ഇത് പിന്നീട് അഴിമതിക്ക് ഇട നല്‍കുമെന്ന് തീര്‍ച്ചയാണ്.
















