പിറവം: മദ്ധ്യപ്രദേശ് സര്‍ക്കാരും ചിന്മയമിഷനും സംയുക്തമായി ആദിശങ്കരാചാര്യരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചലിക്കുന്ന മ്യൂസിയം ആദിശങ്കര സന്ദേശവാഹിനി’ഏകതായാത്ര 29ന് ആരംഭിക്കും. രാവിലെ 9.30 മുതല്‍ ആദിശങ്കരനിലയത്തില്‍ നടക്കുന്ന പരിപാടിയില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഏകതായാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
ശങ്കരാചാര്യ സ്വാമികളുടെ മാതൃഗൃഹമായ മേല്‍പാഴൂര്‍ മനയില്‍ നിന്നാണ് ഏകതായാത്ര പുറപ്പെടുന്നത്. ശങ്കരാചാര്യരുടെ ജീവിതസന്ദേശമായ അദ്വൈത സന്ദേശം പ്രചരിപ്പിച്ച് മുന്നോട്ട് പോകുന്ന യാത്ര കാലടി, ഉഡുപ്പി, ധര്‍മ്മസ്ഥലം, ശൃംഗേരി എന്നിവിടങ്ങളിലൂടെ കടന്നുപോകും.
ശ്രീശങ്കരന്‍ തന്റെ ഗുരുവായ ഗോവിന്ദ ഭഗവത്പാദരെ കണ്ടുമുട്ടിയ മദ്ധ്യപ്രദേശിലെ നര്‍മ്മദാ നദീതീരത്തുള്ള ഓങ്കാരേശ്വരത്ത് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ സ്ഥാപിക്കുന്ന 108 അടി ഉയരമുള്ള ശങ്കരപ്രതിമയുടെ സ്ഥാപനപരിപാടികളുടെ മുന്നോടിയായാണ് ഏകതായാത്ര.
ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓംങ്കാരേശ്വരില്‍ പങ്കെടുക്കുന്ന ശിലാസ്ഥാപനകര്‍മ്മത്തോടെ ഏകതായാത്രക്ക് പരിസമാപ്തിയാകും. ശങ്കരാചാര്യരുടെ ജീവിതയാത്ര എവിടെനിന്ന് തുടങ്ങിയോ അവിടെനിന്ന് ഈ ഏകതായാത്രയും തുടങ്ങണമെന്ന സങ്കല്പത്താലാണ് ശ്രീശങ്കരന്റെ ജന്മസ്ഥാനമായ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആദിശങ്കരനിലയത്തില്‍നിന്നും ഏകതായാത്ര തുടങ്ങുന്നത്.
















