കുറവിലങ്ങാട്: കുറവിലങ്ങാട്ടെ കുടുംബശ്രീ വനിതകളിപ്പോള്‍ പ്രകൃജീവനത്തിലാണ്.മിക്കവീടുകളിലും ഇപ്പോള്‍ പ്രകൃതിയോടിണങ്ങിയ ഭക്ഷണരീതികളും ഇവയൊടൊപ്പം യോഗാ പരിശീലനം കൂടിയായപ്പോള്‍ സംഗതിയാകെ മാറി. കുറവിലങ്ങാട് ആയുര്‍വേദ ആസ്പത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ .സുമിശ്രീകണ്ഠന്റെ നേതൃത്വത്തില്‍ പ്രകൃതിജീവനത്തെക്കുറിച്ചു നടത്തിയ 40 ശില്‍പ്പശാലകളാണ് കുടുംബിനികളെ മാറ്റിച്ചിന്തിപ്പിച്ചത്.
ജീവിതശൈലിരോഗങ്ങളെക്കുറിച്ചും വ്യായാമത്തില്‍ യോഗയുടെ പ്രാധന്യത്തേക്കുറിച്ചും പ്രകൃതിഭക്ഷണരീതികളെക്കുറിച്ചുമെല്ലാം കുടുംബശ്രീ വനിതകളെ പരിചയപ്പെടുത്തുന്ന ക്ലാസുകളില്‍ പ്രകൃതിദത്തക്ഷണം എങ്ങനെ ഉണ്ടാക്കാം എന്നതിന്റെ പാചകക്കളരിയും നടത്തി.
ഭക്ഷണത്തില്‍ പ്രാധാനഇനം പ്രകൃതിപുലാവ് ആയിരുന്നു ജീരാഅരി,ക്യാരറ്റ്,ബീറ്റ്‌റൂട്ട്,ഗ്രീന്‍പീസ്,പുതിനയില,മല്ലിയില,പൈനാപ്പിള്‍,മാതളനാരങ്ങാ,കശുവണ്ടി എന്നിവമാത്രം വേവിച്ചാണ് പ്രകൃതിപുലാവിന്റെ നിര്‍മ്മാണം. അടുത്ത ഇനം കുക്കുംബര്‍ റെയത്തയാണ്(സലാഡ്). കുക്കുംബറും പുളിക്കാത്തതൈരും മല്ലിയില ഉപ്പ് എന്നിവ അവശ്യത്തിന് ചേര്‍ത്താണ് നിര്‍മ്മാണം.ബീറ്റ്‌റൂട്ട് ചമ്മന്തിയാണ് അടുത്തയിനം .ബീറ്റ്‌റൂട്ടും തേങ്ങയും പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേര്‍ത്താണ് തയ്യാറക്കുന്നത്.
മാങ്ങയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഉപ്പും മോരും ചേര്‍ത്തുള്ള മാങ്ങാസംഭാരം. റോബസ്റ്റാപ്പഴവും ഈന്തപ്പഴവും തേങ്ങാപ്പാലും എള്ളും ഏലയ്‌ക്കയും ചേര്‍ത്തുള്ള ഈന്തപ്പഴപ്പായസവും, തേന്‍ നാരങ്ങാവെള്ളവും അടക്കമുള്ളവ സ്വന്തമായി പാചകം ചെയ്ത് വീടുകളില്‍ ഉണ്ടാക്കാന്‍ ഇപ്പോള്‍ കുടുംബശ്രീ അംഗങ്ങള്‍ പ്രപ്തരായിക്കഴിഞ്ഞു.
ജീവിതശൈലി രോഗങ്ങളെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനും പ്രകൃതിചികിത്സയ്‌ക്കും പ്രാധാന്യം നല്‍കിയുള്ള ഈ പദ്ധതി പഞ്ചായത്തിന്റെ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിച്ചത്. ആയുര്‍വേദാശുപത്രിയിലെ ആയുഷ് സെന്ററിന്റെ മേല്‍നോട്ടത്തിലാണ് ശില്‍പ്പശാലകള്‍ നടത്തിയത്.
















