ആര്‍പ്പൂക്കര: ശബരിമല മണ്ഡലവ്രത തീര്‍ത്ഥാടന കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ 235 തീര്‍ത്ഥാടകര്‍ ചികിത്സ തേടിയെത്തി. ഇവരില്‍ കൂടുതല്‍ പേരും നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 145പേരെയാണ് നെഞ്ചുവേദനയ്‌ക്ക് ചികിത്സിച്ചത്. വാഹനാപകടത്തിലും മറ്റുമായി 28 പേരെയും വായില്‍നിന്നും നുരയുംപതയും (ഫിക്‌സ്) വന്നതിനെ തുടര്‍ന്ന് 24 പേരും ചികിത്സ തേടിയെത്തി. ശ്വാസതടസ്സംമൂലം 16 പേരെയും തലകറക്കം അനുഭവപ്പെട്ടതിനെതുടര്‍ന്ന് 14 പേരെയും തളര്‍ച്ചയെ തുടര്‍ന്ന് 6 പേരെയും പനിബാധിച്ച് 2 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയ്‌ക്ക് വന്ന 4 തീര്‍ത്ഥാടകര്‍ മരണപ്പെട്ടു. ചേര്‍ത്തല, എഴുപുന്ന, തയ്യില്‍ നികര്‍ത്തില്‍ വീട്ടില്‍ സുജിത് (25), മലപ്പുറം പള്ളിക്കല്‍, ചാലട്ടിയില്‍ വീട്ടില്‍ ശങ്കരന്‍ (52), കോട്ടയം അമയന്നൂര്‍ വാഴത്തോട്ടയില്‍ കരുണാകരന്‍ (72), ഹൈദ്രബാദ്, മുസറാബാദ്, ഡോര്‍ നമ്പര്‍ 16-11-23/69-ല്‍ പി. പാപ്പയ്യ (64) എന്നിവരാണ് മരിച്ചത്.
ഹൃദ്രോഗ ചികിത്സയിലുള്ള അയ്യപ്പന്മാര്‍ കൂടുതല്‍ വിശ്രമമെടുക്കാതെ മലകയറുന്നതാണ് ഇത്രയധികം തീര്‍ത്ഥാടകര്‍ നെഞ്ചുവേദനയുമായി പ്രവേശിപ്പിക്കപ്പെട്ടതെന്ന് മെഡിക്കല്‍ കോളേജിലെ സേവാഭാരതി കോര്‍ഡിനേറ്റര്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ഇവര്‍ മറ്റു സ്വാമിമാരോടൊപ്പം നടന്നുകയറുന്നത് ശ്വാസതടസ്സത്തിനും നെഞ്ചുവേദനയ്‌ക്കും കാരണമാകുന്നു. റോഡപകടങ്ങളും മറ്റും ഇക്കാലത്ത് പൊതുവെ കുറവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സേവാഭാരതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനകേന്ദ്രം ഇവിടെയെത്തുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമാണ്. അന്യസംസ്ഥാന ഭാഷകള്‍ സംസാരിക്കുന്നവര്‍ ഉള്‍പ്പെടെ 656 സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും ലഭ്യമാക്കി. 10 പ്രവര്‍ത്തകര്‍ സ്ഥിരമായി സേവനമനുഷ്ഠിക്കുന്നു.
ചികിത്സയ്‌ക്കായി ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും സേവാഭാരതി നടത്തുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കുവേണ്ടി ആധുനിക സൗകര്യങ്ങളോടെ പ്രത്യേക വാര്‍ഡും അധികൃതര്‍ തുറന്നിരുന്നു.
















