കുറവിലങ്ങാട്: എം.സി. റോഡ് നവീകരണത്തിനുശേഷം പട്ടിത്താനം മുതല്‍ കൂത്താട്ടുകുളംവരെ ഭാഗത്ത് പല ജംങ്ഷനിലും അപകടം പതിയിരിക്കുന്നു. പട്ടിത്താനത്തിനും വെമ്പള്ളിക്കുമിടയില്‍ കാണക്കാരി റോഡ് ചേരുന്ന ഭാഗം, വെമ്പള്ളി തെക്കേകവലയ്‌ക്കു സമീപം വില്ലേജ് ഓഫീസിന് മുന്‍വശത്ത് കടപ്പൂര് റോഡ് ചേരുന്ന ഭാഗം, വടക്കേകവലയില്‍ വയലാറോഡ് ചേരുന്നഭാഗം, മോനിപ്പള്ളി ജംഗ്ഷന്‍, മുക്കട ജംഗ്ഷന്‍, പുതുവേലി വൈക്കം കവല തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടസാധ്യത കൂടുതല്‍.
ഉപറോഡുകളുടെ തുടക്കത്തില്‍ നിശ്ചിത ദൂരത്തില്‍ ടാറിങ് നടത്തി ഹംപ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ സുരക്ഷാസംവിധാനം കൊണ്ട് അപകടസാധ്യത കുറയുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.
ഉപറോഡുകളില്‍ നിന്ന് എം.സി. റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്തു മുന്നറിയിപ്പ് ബോര്‍ഡോ ബ്ലിങ്കിങ്ങ് ലൈറ്റോ സ്ഥാപിക്കണം. വേഗനിയന്ത്രണത്തിനു സംവിധാനം ഏര്‍പ്പെടുത്തണം.
ഇലഞ്ഞി റോഡ് എം.സി. റോഡില്‍ ചേരുന്ന പുതുവേലി വൈക്കം കവലയില്‍ മാസങ്ങള്‍ക്കു മുന്‍പാണു നിയന്ത്രണം വിട്ട സ്‌കൂള്‍ വാഹനം മതിലില്‍ ഇടിച്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം മരിച്ചത്. ഇവിടെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചെങ്കിലും തെളിഞ്ഞു തുടങ്ങിയിട്ടില്ല. ഇലഞ്ഞി റോഡ് വന്നു ചേരുന്നതിന് തൊട്ടു മുന്‍പ് ഹംപുകളുണ്ട്. മോനിപ്പള്ളിയില്‍ നിന്നു കൂത്താട്ടുകുളത്തേക്കു പോകുമ്പോള്‍ ഇടതു ഭാഗത്തുള്ള തിട്ടയാണു മറ്റൊരു പ്രശ്‌നം. ഈ തിട്ട നില്‍ക്കുന്നതിനാല്‍ ഇലഞ്ഞി റോഡില്‍ നിന്നു പ്രവേശിക്കുമ്പോള്‍ കോട്ടയം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കില്ല.
വെമ്പള്ളിയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഒട്ടേറെ വാഹനാപകങ്ങളാണു നടുക്കവലയിലും വില്ലേജ് ഓഫീല് ഭാഗത്തും വടക്കേക്കവലയിലും ഉണ്ടായത്.വില്ലേജ് ഓഫിസിന് എതിര്‍വശത്തു കടപ്പൂര്‍ റോഡില്‍ നിന്ന് എം.സി. റോഡിലേക്കു പ്രവേശിക്കുന്ന വാഹനങ്ങളാണു മിക്കപ്പോഴും അപകടത്തില്‍ പെടുന്നത്. ഇവിടെ അപകട സൂചനാ ബോര്‍ഡുകളോ മറ്റ് മുന്നറിയപ്പു സംവിധാനങ്ങളോ ഇല്ല.
















