ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍ കെ നഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ ടി ടി വി ദിനകറിന് അനുകൂലമാണ്.
59 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനനും, ഡിഎംകെയുടെ മരുത് ഗണേശും സ്വതന്ത്രനായി രംഗത്തുള്ള അണ്ണാഡിഎംകെ വിമതപക്ഷത്തെ ടിടിവി ദിനകരനും തമ്മിലായിരുന്നു പ്രധാന മത്സരം. തമിഴ് രാഷ്‌ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.
അതേസമയം അണ്ണാഡിഎംകെ വിമതന്‍ ടിടിവി ദിനകരന്‍ ജയിക്കുമെന്ന തരത്തില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. കൗവേരി ടിവി നടത്തിയ എക്‌സിറ്റ് പോളിലാണ് ദിനകരന്‍ വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. എക്‌സിറ്റ് പോളില്‍ 37% വോട്ടോടെ ദിനകരന്‍ ഒന്നാമതെത്തുമെന്നാണ് പ്രചവചനം. അണ്ണാഡിഎംകെയുടെ ഇ മധുസൂദനന്‍ 26% വോട്ട് നേടി രണ്ടാമതും, ഡിഎംകെയുടെ മരുത് ഗണേഷശ് 18% വോട്ടോടെ മൂന്നാമതെത്തുമെന്നുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.
ഫലം തങ്ങള്‍ക്ക് പ്രതികൂലമാകുമോ എന്നതിലുപരി ആര്‍ക്ക് അനുകൂലമാകുന്നു എന്നതാണ് ഈ മൂന്ന് കക്ഷികള്‍ക്കും നിര്‍ണായകം. ഭരണകക്ഷിയായ എഐഎഡിഎംകെയ്‌ക്ക് വിജയം നിലനില്‍പ്പിന്റെ പോരാട്ടമാണ്. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തങ്ങളാണെന്ന അവകാശവാദത്തോടെ ഒന്നിച്ച ഒപിഎസ്-ഇപിഎസ് പക്ഷങ്ങള്‍ക്ക് അത് തെളിയിക്കാന്‍ വിജയം കൊണ്ട് മാത്രമെ കഴിയു.
നേരത്തെ ഉപതെരഞ്ഞെടുപ്പില്‍ ജയലളിത ഒന്നരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് ആര്‍കെ നഗര്‍. അതിനാല്‍ വിജയം ആവര്‍ത്തിക്കാമെന്ന ഉറപ്പിലാണ് അവര്‍. ഇനി പരാജയപ്പെട്ടാല്‍ ആര് വിജയിക്കുന്നു എന്നത് ഇക്കൂട്ടര്‍ക്ക് നിര്‍ണായകമാണ്.
















