പാട്‌ന : ബീഹാറില്‍ ബന്ദ്മൂലുമുണ്ടായ ഗതാഗത തടസ്സത്താല്‍ മൂന്നു പേര്‍ മരിച്ചു. കതിഹാറില്‍ ഗുരുതരവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവാവിനെ ആശുപത്രിയില്‍ കൃത്യ സമയത്ത് എത്തിക്കാന്‍ കഴിയാതിരുന്നതാണ് ഒരു സംഭവം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സന്തോഷ് ഝായ്‌ക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇദ്ദേഹവുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും ഗതാഗത തടസ്സം മൂലം വണ്ടിക്ക് നീങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ ഝാ മരിക്കുകയായിരുന്നു.
ഹാജിപൂരില്‍ നിന്നും പാട്‌നയിലേക്കുള്ള യാത്ര വേളയില്‍ ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്ന് സൊമാരിദേവിയെന്ന സ്ത്രീയും ആശുപത്രിയില്‍ കൃത്യ സമയത്ത് എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. രോഗികളുമായി ആംബുലന്‍സിലെത്തിയ ഇരു കൂട്ടരുടേയും ബന്ധുക്കള്‍ വണ്ടി കടത്തി വിടണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ബന്ദിനിടെ ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന ആര്‍ജെഡി നോതാവ് രഘുവംശ് പ്രസാദിന്റെ പ്രസ്താവന വിവാദമായി.
















