ബെംഗളൂരു: രണ്ടുവയസുകാരന്‍ സമര്‍ഥ് ബന്‍ഗരി ഇപ്പോള്‍ നാട്ടിലെ താരമാണ്. വേറൊന്നുമല്ല, ചങ്ങാത്തം മുഴുവന്‍ ലങ്കൂര്‍ കുരങ്ങുകള്‍ക്കൊപ്പമാണ്. കര്‍ണാടക ബിദാര്‍ ജില്ലയിലെ അല്ലപൂരിലാണ് സമര്‍ഥ് താമസിക്കുന്നത്.
സമര്‍ഥിനെ ഒറ്റയ്‌ക്കാക്കി അച്ഛനുമമ്മയും അടുത്തുള്ള വയലില്‍ പണിക്കുപോയതോടെയാണ് സമര്‍ഥ് ലങ്കൂര്‍ കുരങ്ങുകളുമായി കൂട്ടുകൂടാന്‍ തുടങ്ങിയതെന്ന് അമ്മാവന്‍ ബരമ റെഡ്ഢി പറയുന്നു. പുതിയ മൗഗ്ലിയായാണ് എല്ലാവരും സമര്‍ഥിനെ കാണുന്നത്.
ആദ്യം കുരങ്ങുകള്‍ക്കൊപ്പം സമര്‍ഥിനെ കണ്ടപ്പോള്‍ പേടിയായിരുന്നു. അവരുടെ അടുത്ത് നിന്ന് സമര്‍ഥിനെ എങ്ങനെ തിരികെ വാങ്ങുമെന്ന് അറിയാതെ കുഴങ്ങി. കുരങ്ങുകള്‍ സമര്‍ഥിനെ ആക്രമിക്കുകമോയെന്ന ആശങ്കയും ഉണ്ടായി. എന്നാല്‍ പിന്നീട് മനസിലായി അവര്‍ ഏറ്റവും സന്തോഷത്തോടെയാണ് അവനൊപ്പം കളിക്കുന്നതെന്ന്. തനിക്കു വീട്ടുകാര്‍ നല്‍കുന്ന ഭക്ഷണം കൂട്ടുകാരായ കുരങ്ങുകള്‍ക്ക് നല്‍കാനും സമര്‍ഥ് തയ്യാറാണ്.
തിരിച്ചുപോയ കുരങ്ങുകളെല്ലാം സമര്‍ഥിനെ താണാന്‍ വീണ്ടും എത്തുകയായിരുന്നുവെന്നും അമ്മാവന്‍ പറയുന്നു. അന്നുതൊട്ട് ഇന്നുവരെ ഈ കൂട്ടുകൂടല്‍ അവസാനിച്ചിട്ടുമില്ല, കാണുന്നത് മുടങ്ങിയിട്ടുമില്ല.കാണാനെത്തുന്ന ലങ്കൂര്‍ കുരങ്ങുകള്‍ സമര്‍ഥ് ഉറങ്ങുകയാണെങ്കില്‍ അവനുണരും വരെ കാത്തുനില്‍ക്കാനും തയ്യാറാണ്.
നടക്കുന്നതിനിടെ വീണു പോകുന്ന സമര്‍ഥിനെ വീഴാതെയും വയലില്‍ അശ്രദ്ധമായി ഇരിക്കുന്ന സമയത്ത് ജാഗ്രതയോടെ നോക്കാനും കുരങ്ങന്‍മാര്‍ സന്നദ്ധരാണ്. ഏതായാലും ഗ്രാമവാസികളെല്ലാം ഈ അസാധാരണ സൗഹൃദം കാണുന്നതിന് സമര്‍ഥിന്റെ വീട്ടിലെത്തുകയാണിപ്പോള്‍.
















