തലശ്ശേരി: മലയാളിയുടെ നാവിന്‍ തുമ്പില്‍ കേക്കിന്റെ രുചി പകര്‍ന്നതിന്റെ ഓര്‍മ്മകള്‍ക്ക് 134 വര്‍ഷത്തെ ചരിത്രം. അഞ്ചരക്കണ്ടിയില്‍ കറപ്പത്തോട്ടമുണ്ടാക്കിയ ബ്രിട്ടീഷുകാരന്‍ മാന്‍ഡ്രോക്ക് ബ്രൗണിന്റെ മകനായ ഫ്രാന്‍സിസ് കര്‍ണാക്ക് ബ്രൗണ്‍ സായിപ്പിന് 1883 ഡിസംബറിലാണ് തലശ്ശേരിക്കാരന്‍ മമ്പള്ളി ബാപ്പു ക്രിസ്തുമസ് കേക്ക് നിര്‍മ്മിച്ചു നല്‍കിയത് .
ബ്രൗണ്‍സായിപ്പ് ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന ക്രിസ്തുമസ് കേക്ക് ബാപ്പുവിന് കൊടുക്കുകയും അതിന്റെ ചേരുവകള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇതുപോലൊരു കേക്ക് നിര്‍മ്മിക്കാന്‍ ബാപ്പുവിനോട് സായിപ്പ് ആവശ്യപ്പെട്ടു. ബാപ്പു ധര്‍മ്മടത്തെ കൊല്ലപ്പണിക്കാരനെക്കൊണ്ട് കേക്കിന്റെ അച്ച് നിര്‍മ്മിക്കുകയും സായിപ്പ് പറഞ്ഞ പ്രകാരമുള്ള കേക്ക് നിര്‍മ്മിക്കുകയും ചെയ്തു.
പറഞ്ഞതിന് രണ്ടു ദിവസം കഴിഞ്ഞ് ബ്രൗണ്‍ സായിപ്പ് ബാപ്പുവിനെ സമീപിച്ച് കേക്ക് ആവശ്യപ്പെട്ടു. തെല്ലൊരു വേവലാതിയോടെ ബാപ്പു താന്‍ നിര്‍മ്മിച്ച കേക്കിന്റെ ഒരു കഷണം രുചിച്ചു നോക്കാന്‍ സായിപ്പിനു നല്‍കി. രുചിച്ചു നോക്കിയ സായിപ്പ് എക്‌സലന്റ് എന്ന് പറഞ്ഞ് അത്ഭുതാദരവോടെ ബാപ്പുവിനെ കെട്ടിപ്പിടിച്ചു. അന്ന് ഡിസംബര്‍ 23 ആയിരുന്നു. ആദ്യത്തെ ഇന്ത്യന്‍ ക്രിസ്തുമസ് കേക്ക് പിറന്ന സുദിനം.
ക്രമേണ തലശ്ശേരി കേക്കിന്റെ നാടാവുകയും തലശ്ശേരിക്കാരുടെ നിരവധി അപ്പക്കൂടുകളില്‍ കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായി വൈവിധ്യ രുചിയോടെ കേക്ക് പ്രത്യക്ഷപ്പെടാനും തുടങ്ങി.
















