പരിയാരം (കണ്ണൂര്‍) : സര്‍ഗാത്മകതയും അര്‍പ്പണ ബോധവും ഇച്ഛാശക്തിയും ഒരുമിച്ചപ്പോള്‍ ഒറ്റക്കാലില്‍ നൃത്ത വിസ്മയം തീര്‍ത്ത് വിസ്മയ. പരിയാരം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ആരോഗ്യ സര്‍വ്വകലാശാല സംസ്ഥാന കലോത്സവം ബാന്‍സുരി 2017 ന്റെ ഉദ്ഘാടന വേദിയിലാണ് വിസ്മയ ശാസ്ത്രീയ നൃത്തമാടിയത്. പന്തവും തുടിയുമായി അവിശ്വസനീയമാംവിധം ചെയ്ത ശിവതാണ്ഡവ നൃത്തം അത്ഭുതത്തോടെയാണ് സദസ്സ് ആസ്വദിച്ചത്.
ജനന വൈകല്യത്തെ തുടര്‍ന്ന് വിസ്മയയുടെ വലതുകാല്‍ മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ ഇച്ഛാശക്തിയുടെ പിന്‍ബലത്തില്‍ നൃത്ത വേദികളില്‍ സദസ്സിനെ അത്ഭുതപ്പെടുത്തുകയാണ് ഈ കലാകാരി. 8 വര്‍ഷമായി നൃത്തം പഠിക്കുന്ന വിസ്മയയുടെ ഗുരു മിജ ഗിരീഷാണ്. ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായി ഇതിനകം 250 ല്‍ അധികം വേദികളില്‍ വിസ്മയ നൃത്തമാടി. പരിയാരം ഗവ: ആയുര്‍വേദ കോളേജില്‍ ഒന്നാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കണ്ണൂര്‍ ജില്ലയിലെ പട്ടുവം സ്വദേശി മനോഹരന്റെയും ദീപയുടെയും മകളാണ്. സായൂജ് സഹോദരനാണ്.
















