അടിമാലി: വനവാസി യുവാവിനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ അറസ്റ്റില്‍. മദ്യം വാങ്ങാനായി നല്‍കിയ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. ചാറ്റുപാറ സെറ്റില്‍മെന്റ് കോളനി നിവാസി ശശിരാമനാ (29)ണ് ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. ശശിരാമന്റെ അമ്മയുടെ സഹോദരനും മച്ചിപ്ലാവ്കുടി സ്വദേശിയുമായ രാജന്‍ (58) ഇന്നലെ അറസ്റ്റിലായി.
ചാറ്റുപാറ സെറ്റില്‍മെന്റ് കോളനിക്ക് സമീപമുള്ള കലുങ്കിനടിയില്‍ നിന്ന് വ്യാഴാഴ്‌ച്ച രാവിലെയാണ് ശശിരാമന്റെ മൃതദേഹം കണ്ടെടുത്തത്. വീണ് മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. ശശിയുടെ കഴുത്തില്‍ കണ്ടെത്തിയ പാടുകള്‍ സംശയത്തിനിടയാക്കി. ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതമാണെന്ന് വ്യക്തമായത്.
ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയാണ് രാജനെ സംശയത്തിന്റെ നിഴലിലാക്കിയത്. തര്‍ക്കത്തിനൊടുവില്‍ തോര്‍ത്തുപയോഗിച്ച് ശശിയെ രാജന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കലുങ്കില്‍നിന്ന് താഴേക്കിടുകയായാരുന്നെന്ന് കേസ് അന്വേഷിക്കുന്ന അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സാബു പറഞ്ഞു. ഇരുവരും കൂലിപ്പണിക്കാരാണ്.
ശശിയുടെ മൃതദേഹം സംസ്‌കരിച്ചു. കോളനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മരിച്ച ശശിരാമന്റെ ഭാര്യ: ജാസ്മിന്‍. മക്കള്‍: ശ്രീജിത്, രഞ്ജിത്.
















