കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് യീണിയന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് പുനരാലോചന നടത്തുമെന്ന് പറഞ്ഞ ഇടത് തൊഴിലാളി സംഘടനകള്‍ ഭരണം രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ഇതു സംബന്ധിച്ച് ഇടത് സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
സാധാരണ തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടാവണം രാജ്യത്തിന്റെ വികസനം. വിപ്ലവകരമായ മാറ്റങ്ങളാണ് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കി വരുന്നത്. എന്നാല്‍ തപാല്‍ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അനുഭാവപൂര്‍വ്വം കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണം. രാജ്യത്തെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്വവുമാണ്. രാഷ്‌ട്രീയത്തിനതീതമായി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനുളള കഴിവ് ബിഎംഎസിന് മാത്രമാണെന്നും അതിന് തെളിവാണ് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്താന്‍ തൊഴിലാളികളുടെ പക്ഷത്തുനിന്ന് ബിഎംഎസ് നടത്തുന്ന സമരങ്ങളെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും ബൃഹത്തായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണ് തപാല്‍ വകുപ്പ്. സ്തുത്യര്‍ഹമായ സേവനമാണ് രാജ്യത്ത് വകുപ്പ് നടത്തി വരുന്നത്. രാജ്യത്തിന്റെ അഭിമാന സ്തംഭമായ വകുപ്പ് രാജ്യത്തെ കുഗ്രാമങ്ങളില്‍ പോലും വിവരങ്ങളെത്തിക്കുന്നത് നിസ്വാര്‍ത്ഥ സേവനത്തിലൂടെയാണ്. അതിനാല്‍ത്തന്നെ തപാല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്‌ഫോര്‍ ജീവനക്കാരുടേതുള്‍പ്പെടെ സേവന വേതന വ്യവസ്ഥകള്‍ കാലാനുസൃതമായി കമ്മീഷന്‍ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എത്രയും വേഗം നടപ്പിലാക്കണം. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ബന്ധപ്പെട്ട് അടുത്ത ദിവസംതന്നെ ബിഎംഎസ് പ്രതിനിധി സംഘം ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എംഎസ് ക്ലാസ് ത്രി യൂനിയന്‍ സംസ്ഥാന സര്‍ക്കിള്‍ അസിസ്റ്റന്ററ് സെക്രട്ടറി എം.പി.ദിനേശന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, ബിഎംഎസ് മേഖലാ സെക്രട്ടറി കെ.കെ.ശ്രീജിത്ത്, എം.ടി.സുരേഷ്‌കുമാര്‍, എം.ടി.മധുസൂദനന്‍, ഷഗീന, പി.വി.രമേശന്‍, ടി.സി.പവിത്രന്‍, കെ.സി.പ്രദീപന്‍, ടി.രാഷീം, കെ.സി.ബിനില്‍, കെ.വി.മോഹനന്‍, ഒ.സപ്‌നേഷ് എന്നിവര്‍ സംസാരിച്ചു. പി.കെ.സദാനന്ദന്‍ സ്വാഗതം പറഞ്ഞു.
















