പാലക്കാട്: അന്യസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാട്ടും തിരുവനന്തപുരവും വഴി കേരളത്തിലേക്ക് ലഹരിക്കടത്ത് വ്യാപകമാവുന്നു. ഇവിടെ നിന്നും തമിഴ്നാട്ടിലെ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കഞ്ചാവ് കടത്തുകാര്‍ ഉപയോഗിക്കുന്നത്. ഇവരിലൂടെ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളിലേക്കും കഞ്ചാവെത്തുന്നു.എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ രേഖകളനുസരിച്ച് ഈ വര്‍ഷം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ 2489 ലഹരികടത്ത് കേസുകളില്‍ 2618 പ്രതികളെയാണ് പിടികൂടിയത്. ആറുമാസം കൊണ്ട് എക്സൈസ്് വകുപ്പ് പിടിച്ചെടുത്തത് 562 കിലോയോളം കഞ്ചാവ്.
ഇതില്‍ 157.58 കിലോ പാലക്കാട് നിന്നാണ്. ഈ കാലയളവില്‍ ജില്ലയില്‍ 155 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 147 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളും കഞ്ചാവ് കടത്ത് കേസുകളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുണ്ട്. എന്നാല്‍ പിടിച്ചെടുക്കുന്ന കഞ്ചാവിന്റെ തൂക്കത്തില്‍ പാലക്കാടും, തിരുവനന്തപുരവുമാണ് മുന്നില്‍.കഞ്ചാവ് കേസുകളില്‍പെട്ട് പിടിയിലാവുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്നതും ഞെട്ടിപ്പിക്കുന്നു. പിടിക്കപ്പെടുന്ന മിക്ക കുട്ടികളെയും ഭാവിയെ കരുതി കൗണ്‍സലിങ് നല്കി വിടുകയാണ് പതിവ്. എന്നാല്‍ ഒരിക്കല്‍ ലഹരിക്കടിമപ്പെട്ടുപോയാല് പിന്നീട് മോചിതരാകുവാന്‍ പലര്‍ക്കും സാധിക്കുന്നിലെന്നതാണ് വസ്തുത. കഞ്ചാവ് ഉപയോഗിച്ച വ്യക്തിക്ക് പിന്നീടത് ലഭിക്കാതെ വരുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.
മാത്രമല്ല ആത്മഹത്യ പ്രവണതയും ഇവരില്‍ കൂടുതലാണെന്ന് പഠനങ്ങളില്‍ പറയുന്നു.ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്ക കേസുകളിലേയും പ്രതികള്‍. കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാത്തതും ഏല്‍പ്പിക്കുന്ന വ്യക്തികളെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതുമാണ് ഇത്തരെക്കാരെ ലഹരി വാഹകരായി ഉപയോഗിക്കാന്‍ കാരണം. പോലീസ്- എക്സൈസ് ഉദ്യോഗസ്ഥരുടെ അന്വേഷണം വഴിമുട്ടുന്നതിനും പ്രധാന കാരണം ഇതാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ മിക്ക കഞ്ചാവ് കേസുകളിലും പ്രധാന കണ്ണിയെ പിടിക്കാന്‍ സാധിക്കുന്നില്ല. പോലീസിന്റെയും എക്സൈസിന്റെയും പിടിയിലാകുന്നവരെല്ലാം കടത്തുകാരാണ്. വിദ്യാര്‍ത്ഥികള്‍ പ്രതികളാകുന്ന കേസുകളിലെല്ലാം കഞ്ചാവിന്റെ അളവ് ഒരു കിലോയില്‍ താഴെയായിരിക്കും. പിടിയിലായാലും പിഴയടച്ച് രക്ഷപ്പെടുകയാണ് പലരും.
















