കൊല്ലം: ഓഖി ദുരന്തത്തില്‍പ്പെട്ട എല്ലാവരെയും കണ്ടെത്തുന്നതുവരെ അന്വേഷണം തുടരണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍. അന്വേഷണത്തില്‍ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും സമയപരിധി നിശ്ചയിച്ചതില്‍ തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്. കടലിന്റെ അടിത്തട്ട് ഇപ്പോള്‍ ചെളി നിറഞ്ഞുകിടക്കുകയാണ്. കിഴക്കന്‍ കടല്‍ പടിഞ്ഞാറേക്ക് ഒഴുകിത്തുടങ്ങുമ്പോള്‍ അടിത്തട്ട് തെളിഞ്ഞ് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഫെഡറേഷന്‍ നേതാക്കളായ എസ്. സ്റ്റീഫനും എ. ആന്‍ഡ്രൂസും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ അന്വേഷണവും കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനങ്ങളും പ്രഹസനമാകുന്നുവെന്നതാണ് തൊഴിലാളികളുടെ അനുഭവം. 2004ല്‍ മൂതാക്കരയിലും 2010ല്‍ പോര്‍ട്ടുകൊല്ലത്തെയും തൊഴിലാളികള്‍ക്ക് അപകടമുണ്ടായപ്പോഴും അവസ്ഥ ഇതുതന്നെയായിരുന്നു. സംഭവം കഴിയുമ്പോള്‍ അന്വേഷണവും സാമ്പത്തിക വാഗ്ദാനവുമായി വരുന്ന സര്‍ക്കാര്‍ നടപടികള്‍ പരിഹാസ്യമാണ്. അന്വേഷണം ആത്മാര്‍ത്ഥമാകണമെന്നും കെടുതി പരിഗണിച്ച് തൊഴിലാളികളുടെ കടങ്ങളെല്ലാം എഴുതിത്തള്ളണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
















