തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ സിപിഎം സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ കോടികളുടെ പിരിവ്. പുതുവര്‍ഷ ഡയറിയുടെ പേരില്‍ വ്യാപാരികളിലും വ്യവസായികളിലും നിന്നാണ് പിരിവ് നടത്തുന്നത്.
ഏറെക്കാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന വൈദ്യുതി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ എം.ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പിരിവ് . ഓരോ സെക്ഷനുകള്‍ക്കും ഒരുലക്ഷം രൂപവരെയാണ് ടാര്‍ജറ്റ് . കേരളത്തില്‍ 770 സെക്ഷനുകളുണ്ട്.
വൈദ്യുതിബോര്‍ഡില്‍ നാലായിരത്തോളം ഓഫീസര്‍മാരുണ്ട്. കാറ്റഗറി വ്യത്യാസമില്ലാതെയുള്ള ഓഫീസര്‍മാരുടെ സംഘടനകള്‍ക്ക് രാഷ്‌ട്രീയ പിന്‍ബലവുമുണ്ട്. 2500ഓളം അംഗങ്ങള്‍ ഓഫീസേഴ്‌സ് അസോസിയേഷനിലുണ്ട്. ഇവരുടെ ക്ഷേമപ്രവര്‍ത്തനത്തിനെന്ന പേരില്‍ നല്ല തുക വര്‍ഷംതോറും സംഘടന പിരിക്കുന്നുണ്ട്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ശമ്പളപരിഷ്‌ക്കരണത്തിന്റെ പേരില്‍ ഒരു മാസത്തെ ശമ്പള വ്യത്യാസവും സംഘടന പിരിച്ചെടുക്കും.
2016ലെ ശമ്പളപരിഷ്‌കരണത്തിന്റെ പേരില്‍ 15,000 മുതല്‍ 25,000 വരെ രൂപയാണ് ഓരോ ഓഫീസര്‍മാരില്‍ നിന്ന് പിരിച്ചത്. ഇത്രയും തുക പിരിച്ചിട്ടും ഓഫീസര്‍മാരെക്കൊണ്ട് വര്‍ഷംതോറും ഡയറിയുടെ പേരില്‍ കോടികള്‍ പിരിക്കുന്നതെന്തിനെന്നാണ് അവരുടെ ചോദ്യം. പിരിക്കുന്ന തുക എന്ത് ക്ഷേമപ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് കെഎസ്ഇബിയില്‍ കമ്പ്യൂട്ടര്‍വത്കരണം നടക്കുന്നത്. കമ്പ്യൂട്ടര്‍ വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിക്കുന്നത് അസോസിയേഷന്‍ പ്രസിഡന്റ് സത്യരാജനാണ്. കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ അസോസിയേഷന്റെ ആളുകളെമാത്രം ഇരുത്തി പൊതുസ്ഥലംമാറ്റം അട്ടിമറിച്ചതായും ആക്ഷേപമുയര്‍ന്നിരുന്നു.
മന്ത്രിയുടെ ഓഫീസിലെ സ്വാധീനവും സ്ഥലമാറ്റ ഭീഷണിയും ഭയന്ന് ഓഫീസര്‍മാര്‍ ഡയറി പിരിവ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഉദേ്യാഗസ്ഥര്‍ പണി തരുമെന്ന് പേടിച്ച് വ്യവസായികള്‍ ഇവരെ പിണക്കുകയുമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡയറി പരസ്യത്തിലൂടെ ലഭിച്ച കോടികള്‍ ഉപയോഗിച്ച് ഷൊര്‍ണൂരില്‍ സ്ഥലം വാങ്ങിയശേഷം മറിച്ച് വിറ്റ് റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തിയ ചരിത്രവുമുണ്ട്.
















