പയ്യാമ്പലം ബീച്ചിന്റെ ദുരവസ്ഥയെക്കുറിച്ചുളള അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തിന്റെ ഇന്നത്തെ ദുരവസ്ഥയില്‍ ഇവിടെ അന്തിയുറങ്ങുന്നവരുടെ ആത്മാക്കള്‍ പൊറുക്കില്ലെന്ന് മുന്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി. അറബിക്കടലിന്റെ തീരത്തെ ചരിത്രഭൂമിയായ പയ്യാമ്പലം കടപ്പുറത്തെ ശ്മശാനത്തില്‍ അന്തിയുറങ്ങുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുള്‍പ്പെടെയുളള അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനവധിയാളുകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇവിടം അധികൃതരുടെ കടുത്ത അനാസ്ഥയുടെ നേര്‍ക്കാഴ്ചയാണെന്ന് അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പയ്യാമ്പലം അടക്കമുള്ള കേരളത്തിലെ പൊതുശ്മശാനങ്ങളുടെ ദുരവയ്ഥയെപ്പറ്റി ജന്മഭൂമി ലേഖകന്മാര്‍ തയാറാക്കിയ പരമ്പര പ്രസിദ്ധീകരിക്കുന്നതിനിടെയാണ് ഈ പ്രതികരണം. പരമ്പരയിലെ ഇന്നലത്തെ ഭാഗം പയ്യാമ്പലം ശ്മശാനത്തെപ്പറ്റിയായിരുന്നു
പ്രീയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദനയുമായി ഇവിടെയെത്തുന്നവര്‍ തിരിച്ചു പോകുമ്പോള്‍ അവരുടെ മനസ് നീറുകയാണെന്നും അബ്ദുള്ളക്കുട്ടി പോസ്റ്റില്‍ വ്യക്തമാക്കി. ശ്മശാനം നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നതായും ആ പ്രൊജക്ട് തൈക്കാട് ശാന്തിവനം മോഡലായിരുന്നുവെന്നും വ്യക്തമാക്കി.
മഴയും കാറ്റും ഏല്‍ക്കാത്ത ചുറ്റുപാടില്‍ പുകയില്ലാതെ പരമ്പരാഗത രീതിയിലുള്ള നാലു ചൂളകള്‍, ഗ്യാസ് ക്രിമറ്റോറിയം, പ്രാര്‍ത്ഥനയ്‌ക്കും അനുശോചന യോഗത്തിനുമുള്ള ഹാള്‍, ചുറ്റും ഗാര്‍ഡനും പാര്‍ക്കിങ് സൗകര്യങ്ങളുമുള്ള ഒരു ഹൈടെക്ക് പ്രൊജക്റ്റായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ പ്രൊജക്ട് ഇപ്പോഴും സെക്രട്ടറിയേറ്റില്‍ എവിടെയോ പൊടിപിടിച്ചു കിടക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ശ്മശാനത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ ഈ തീരത്ത് അന്തിയുറങ്ങുന്ന ആത്മാക്കളും ഈ തീരത്ത് ജീവിക്കുന്ന മനുഷ്യരും പൊറുക്കില്ലെന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
ശ്മശാനം ആധുനികവല്‍ക്കരിക്കുകയെന്നത് തന്റെ തീവ്രമായ ആഗ്രഹമായിരുന്നുവെന്നും ശ്മശാനത്തിന്റെ ഇന്നത്തെ ദുരവസ്ഥ നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും ഇതില്‍ വളരെയധികം മനഃപ്രയാസമുണ്ടെന്നും ശ്മശാനങ്ങളുടെ ദുരവസ്ഥയെക്കുറിച്ചുളള ജന്മഭൂമിയുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
















