ന്യൂദല്‍ഹി: രാജ്യത്ത് ആല്‍ക്കഹോളിന്റെ അളവ് കൂടുതലുള്ള മരുന്നുകള്‍ക്ക് കര്‍ശന നിയന്ത്രണം. 12 ശതമാനത്തില്‍ കൂടുതല്‍ അളവില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകളുടെ വില്‍പനയ്‌ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഏലം, ഇഞ്ചി, മറ്റ് സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ ചില കഷായങ്ങളും ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ക്കുമാണ് നിയന്ത്രണം. ഇത്തരം മരുന്നുകളെ അവശ്യവിഭാഗമായ ഷെഡ്യൂള്‍ എച്ച് 1ലേക്ക് ഉള്‍പ്പെടുത്തിയതോടെ ഇനി മുതല്‍ ഇളവുകളൊന്നും ലഭ്യമാകില്ല. 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം അത്തരം ഉത്പന്നങ്ങള്‍ക്ക് ലൈസന്‍സ് എടുക്കണം.
മരുന്ന് വിതരണക്കാരും കെമിസ്റ്റുകളും ഇത്തരം മരുന്നുകളുടെ കൈമാറ്റ വിവരങ്ങള്‍ രജിസ്റ്ററില്‍ പ്രത്യേകം രേഖപ്പെടുത്തണം. രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ മരുന്ന് വില്‍ക്കാനും സാധിക്കു. ചില മരുന്നുകളില്‍ 80 – 90 ശതമാനം വരെ ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകള്‍ വ്യാപകമായി വില്‍ക്കുകയും ലഹിക്കായി ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ഇവയെ അവശ്യമരുന്ന് വിഭാഗത്തില്‍പ്പെടുത്തിയതോടെ മരുന്നിന്റെ ദുരുപയോഗം ഒരു പരിധി വരെ തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ മരുന്ന് വിതരണ നിയന്ത്രണം ശക്തമാക്കുന്നതിനും, മരുന്നുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്.
നിയമ ഭേദഗതി കാരണം രോഗികള്‍ക്ക് ഈ മരുന്നുകള്‍ ലഭിക്കാതെ വരുന്ന സാഹചര്യമോ, ഇവ നിരോധിക്കുകയോ ചെയ്തിട്ടില്ല, വൈദ്യപരിശോധനയ്‌ക്ക് ശേഷം മാത്രമേ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാവൂ എന്ന് ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭേദഗതികള്‍ വിശദീകരിക്കുന്ന ഗസറ്റ് വിജ്ഞാപനം മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ റഫറന്‍സിനായി ലഭ്യമാണ്.
















