ആലപ്പുഴ: എല്ലാ വര്‍ഷവും കടല്‍ക്ഷോഭത്തില്‍ നൂറ് കണക്കിന് വീടുകളും ഭൂമിയും കടലെടുക്കുമ്പോഴും ഇതിന് തടയിടാന്‍ ശാശ്വത സംവിധാനമൊരുക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. കടലിലേക്ക് ഇനി കല്ലിടേണ്ടെന്നും തീരവാസികളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ മതിയെന്നുമുള്ള ഇടതുസര്‍ക്കാര്‍ നിലപാട് ദയനീയ പരാജയമാണെന്ന് തെളിയിക്കുന്നതായിരുന്നു ഓഖി കൊടുങ്കാറ്റ് വിതച്ച ദുരിതം.
വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ പോലും പുനരധിവസിപ്പിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കടലിനോട് ചേര്‍ന്നുള്ള അമ്പത് മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ തീരത്തുനിന്ന് മാറ്റി പുനരധിവാസ പാക്കേജ് എങ്ങിനെ നടപ്പാക്കുമെന്നാണ് ചോദ്യം ഉയരുന്നത്. ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും സ്ഥലം കണ്ടെത്തി വീട് വയ്‌ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഇതൊന്നും തന്നെ ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.
സംസ്ഥാനത്ത് ജനസാന്ദ്രത ഏറെയുള്ള നൂറ് കിലോമീറ്ററോളം തീരത്ത് കടല്‍ഭിത്തി നിര്‍മ്മാണം അവശേഷിക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഏത് നിമിഷവും വീടും ഭൂമിയും കടലെടുക്കുമെന്ന ആശങ്കയില്‍ കഴിയുന്നത്. വര്‍ഷങ്ങളായി കടല്‍ഭിത്തി നിര്‍മ്മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. കടല്‍ക്ഷോഭം രൂക്ഷമാവുമ്പോള്‍ ‘അടിയന്തര കടല്‍ഭിത്തി’ എന്ന പേരില്‍ കല്ലിറക്കി പോവുകയാണ് പതിവ്. ഇത് കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.
സുനാമി വ്യാപക നാശം വിതച്ച ആറാട്ടുപുഴ പഞ്ചായത്തിലുള്‍പ്പെടെ കടല്‍ഭിത്തി നിര്‍മ്മാണം ഇനിയും പൂര്‍ത്തിയാക്കാത്തത് കരിമണല്‍ ലോബികളെ സഹായിക്കാനാണെന്നും വിമര്‍ശനം ഉയരുന്നു. കടലാക്രമണം രൂക്ഷമാകുന്ന കാലയളവില്‍ അടിയന്തരമായി കല്ലുകള്‍ നിരത്താന്‍ മാത്രം ഓരോ വര്‍ഷവും കോടികളാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. ഈ പണമുണ്ടെങ്കില്‍ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടിയന്തരം എന്ന പേരില്‍ കാര്യമായ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെ നടത്തുന്ന കല്ലിടലിലാണ് പലര്‍ക്കും താല്‍പ്പര്യം. പുലിമുട്ട് നിര്‍മ്മാണങ്ങളും അശാസ്ത്രീയമാണെന്ന് വിമര്‍ശനം ഉണ്ട്. ഇതിന്റെ ഏറ്റവും കുടുതല്‍ കെടുതി അനുഭവിക്കുന്നവരാണ് പുറക്കാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശവാസികള്‍. പുലിമുട്ടിന് 500 മീറ്റര്‍ നീളമെങ്കിലുമുണ്ടെങ്കില്‍ മാത്രമെ തിരയുടെ ശക്തി കുറയ്‌ക്കാന്‍ കഴിയുകയുള്ളു.
എന്നാല്‍ 50, 100 മീറ്റര്‍ നീളമുള്ള പുലിമുട്ടുകളാണ് നിലവില്‍ സംസ്ഥാനത്ത് നിര്‍മ്മിക്കപ്പെട്ടവയിലധികവും. പുലിമുട്ടിനോട് ചേര്‍ന്ന് കടല്‍ഭിത്തിയും വേണമെന്നുണ്ട്, ഇതും പലയിടത്തുമില്ല. അതിനാല്‍ കോടികള്‍ മുടക്കി പുലിമുട്ട് നിര്‍മ്മിച്ചത് തീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണു വരുത്തിവയ്‌ക്കുന്നത്.
















