കോട്ടയം: നാടക മേഖലയ്‌ക്ക് കോട്ടയത്തു നിന്ന് മികവുറ്റ സംഭാവനകള്‍ നല്‍കിയ മുന്‍കാല പ്രതിഭകള്‍ക്ക് ആദരം നല്‍കാനായി ആത്മ ത്രിദിന നാടക കൂട്ടായ്‌മ ഒരുക്കുന്നു. ഡിസംബര്‍ 15 മുതല്‍ 17 വരെ തിരുവാതുക്കലിലെ അബ്ദുള്‍കലാം ഓഡിറ്റോറിയമാണ് നാടക സംഗമവേദി. കഴിഞ്ഞ 70 വര്‍ഷക്കാലമായി കോട്ടയം, പടിഞ്ഞാറന്‍ മേഖല നാടക രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയ എന്‍.എന്‍.പിള്ള, പൊന്‍കുന്നം വര്‍ക്കി, ജോസ് പ്രകാശ്, കോട്ടയം വല്‍സലന്‍, അച്ചന്‍കുഞ്ഞ്, ആലുമ്മൂടന്‍, എം.ആര്‍. മണി, ആര്‍ട്ടിസ്റ്റ് കേശവന്‍, കെ.കെ. ജോസഫ്, വേളൂര്‍ സഖറിയാസ്, വേളൂര്‍ കുട്ടപ്പന്‍, കോട്ടയം ചെല്ലപ്പന്‍, കോട്ടയം ചെല്ലപ്പന്‍ ജൂണിയര്‍, എം.ആര്‍ മണി, കരിങ്കുന്നം വാസു, കെ.പി.എ.സി. ജോണ്‍സണ്‍, കുമരകം രാജപ്പന്‍, കുമരകം ബോസ്, അയ്‌മനം ബേബി തുടങ്ങിയ പ്രതിഭകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമാണ് ആദരം നല്‍കുക. മണ്മറഞ്ഞവരുടെ ഭാര്യമാര്‍ക്ക് ഗുരുപത്‌നി ദക്ഷിണ നല്‍കും. അവശ കലാകാരന്മാര്‍ക്ക് ധനസഹായവും വിതരണം ചെയ്യും. 15ന് വൈകിട്ട് 6 മണിക്ക് നാടക-സിനിമാ നടന്‍ കലാശാല ബാബു കൂട്ടായ്‌മയ്‌ക്ക് തിരി തെളിക്കും. തുടര്‍ന്ന് കെപിഎസിയുടെ എന്റെ ഉപ്പുപ്പായ്‌ക്കൊരാനയുണ്ടായിരുന്നു എന്ന നാടകം അവതരിപ്പിക്കും. 16ന് അസീസിയുടെ ഒറ്റമരത്തണലിലും, 17ന് കാളിദാസ കലാകേന്ദ്രത്തിന്റെ കരുണയും അരങ്ങത്തെത്തും. പ്രവേശനം സൗജന്യമാണ്. സമാപന സമ്മേളനത്തില്‍ സംവിധായകന്‍ വിനയന്‍ മുഖ്യാതിഥി ആകും.
















