തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ കാണാതായ മല്‍സ്യതൊഴിലാളികള്‍ക്കായുള്ള തീരദേശവാസികളുടെ കാത്തിരിപ്പ് ഒന്‍പതാം ദിവസവും തുടരുന്നു. ദിവസങ്ങള്‍ മുന്നോട്ട് പോകുംതോറും മേഖലയില്‍ പ്രതിഷേധവും ശക്തമാവുകയാണ്.
തിരുവനന്തപുരം അടിമലത്തുറയിലിലെ ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി തോമസ് ഐസക്കിനുനേരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചു. സന്ദര്‍ശനം വൈകിയതും നഷ്ടപരിഹാരപാക്കേജിലെ അപര്യാപ്തതയും ഉന്നയിച്ചായിരുന്നു പ്രതിഷേധം. ജനങ്ങളെ സന്ദര്‍ശിക്കാന്‍ ഒരു മന്ത്രിക്കും അവകാശമില്ലെന്നായിരുന്നു ജനങ്ങളുടെ നിലപാട്. പിന്നീട് പോലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
അതേസമയം, കൊച്ചി ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കണമെന്ന ആവശ്യവുമായി തീരദേശവാസികളുടെ സംയുക്താഭിമുഖ്യത്തില്‍ ജനകീയസമരം തുടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തി.
ചെല്ലാനത്ത് കടല്‍ഭിത്തിക്കായി തുക അനുവദിച്ചിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ അത് ഉപയോഗിക്കുന്നതില്‍ വീഴ്ചപറ്റി. ഇപ്പോള്‍ നാട്ടുകാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യമാണ്. ഇത് ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കൊപ്പം ഹൈബി ഈഡന്‍ എംഎല്‍എ, ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവരും ചെല്ലാനത്ത് എത്തിയെങ്കിലും ഇവരെ ആരെയും കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ജനങ്ങള്‍ അനുവദിച്ചില്ല.
















