തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ തകര്‍ന്നടിഞ്ഞ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആശ്വാസ ധനസഹായം നല്‍കുന്നതില്‍ കൃഷിവകുപ്പ് തുടരുന്ന അനാസ്ഥക്കെതിരെ കര്‍ഷക കൂട്ടായ്‌മകളുടെ വ്യാപക പ്രതിഷേധം.
നാലുവര്‍ഷം മുന്‍പുണ്ടായ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷിക വിളകള്‍ക്കുള്ള ധനസഹായം ഇനിയും കൃഷിഭവനുകള്‍ കൊടുത്ത് തീര്‍ത്തിട്ടില്ല. കര്‍ഷകര്‍ക്ക് നല്‍കാനുള്‍പ്പെടെ കേന്ദ്രം നല്‍കിയ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റിയതു കാരണം അടുത്തൊരു ഫണ്ട് വന്നാലേ നഷ്ടപരിഹാരം നല്‍കാന്‍ കഴിയൂ എന്നതാണ് അവസ്ഥ. നെല്ല്, വാഴ, പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയ്‌ക്കാണ് സംസ്ഥാനമൊട്ടാകെ നഷ്ടപരിഹാരം നല്‍കേണ്ട കോടികളുടെ കുടിശ്ശികയുള്ളത്.
ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കാര്‍ഷിക മേഖലയില്‍ എത്രകോടിയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന കണക്കുകള്‍ കൃഷിവകുപ്പ് ഇനിയും ശേഖരിച്ചിട്ടില്ല. പതിവുപോലെ പരാതികള്‍ കൃഷിഭവനുകളില്‍ സ്വീകരിക്കുകയും ഉേദ്യാഗസ്ഥര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നഷ്ടപരിഹാരം ചോദിച്ചു ചെല്ലുന്നവര്‍ക്ക് മുന്‍പില്‍ കൈമലര്‍ത്തുകയാണ്.
വകുപ്പ് മന്ത്രിയാകട്ടെ ഇക്കാര്യത്തില്‍ ഇപ്പോഴും മൗനത്തിലാണ്. നഷ്ടമുണ്ടായ കാര്‍ഷികവിളയുടെ നാലിലൊന്നു പോലും നഷ്ടപരിഹാരമായി നല്‍കാറില്ല. കൊടുക്കുന്നതാകട്ടെ അഞ്ചും ആറും വര്‍ഷങ്ങള്‍ക്കു ശേഷവും.
കേന്ദ്രത്തില്‍ നിന്നും ചോദിച്ചു വാങ്ങിയതും കേന്ദ്രം അറിഞ്ഞു നല്കിയതുമായ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയത് അന്വേഷിക്കണമെന്നതാണ് കര്‍ഷക കൂട്ടായ്‌മകളുടെ ആവശ്യം. കേന്ദ്ര കൃഷി മന്ത്രിക്ക് നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.
















