തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ താത്കാലിക കോണ്‍ട്രാക്ട് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പരീക്ഷാ നാടകം. ദേവസ്വം ബോര്‍ഡുകളിലേക്ക് നടത്തുന്ന പരീക്ഷകളില്‍ താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക പരിഗണനയും മാര്‍ക്കും നല്‍കാന്‍ ബോര്‍ഡ് ഒരുങ്ങുന്നു. പൊതു പരീക്ഷയില്‍ ഗ്രേസ്മാര്‍ക്ക് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കി താത്കാലികക്കാരെ നിയമപരമായി സ്ഥിരമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
മാറിവന്ന സര്‍ക്കാരുകളുടെ കാലത്ത് നിലവില്‍ വന്ന ബോര്‍ഡുകളാണ് താത്കാലിക ജീവനക്കാരെ നിയമിച്ചത്. അതിനാല്‍ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡും സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ മാസങ്ങള്‍ക്ക് മുമ്പ് നിയമിതരായവര്‍ മുതല്‍ ഒമ്പതു വര്‍ഷം ആയവര്‍ വരെ ഉണ്ട്. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വിവിധ ദേവസ്വം ബോര്‍ഡുകളില്‍ രണ്ടായിരത്തോളം പേരാണ് നിലവില്‍ താത്ക്കാലിക കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നത്.
റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തുന്ന പരീക്ഷയില്‍ ഇവര്‍ക്ക് വയസ് ഇളവും ഗ്രേസ്മാര്‍ക്കും പരിഗണനയും നല്‍കാനാണ് തീരുമാനം. പരീക്ഷയെഴുതുന്ന ലക്ഷകണക്കിനുള്ള സാധാരണ ഉദ്യോഗാര്‍ത്ഥികളെ നോക്കുകുത്തികളാക്കി നിലവിലെ താത്കാലിക ജീവനക്കാര്‍ സ്ഥിരമാകും.
ആയിരത്തില്‍ കൂടുതല്‍ ഒഴിവുകളാണ് മൂന്നു മാസത്തിനകം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്യുന്നത്. റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നതിന് ശേഷം ഇത്രയേറെ ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നതും ആദ്യമാണ്. ബോര്‍ഡ് നടത്തുന്ന 90 മാര്‍ക്കിന്റെ പൊതു പരീക്ഷയില്‍ ഗ്രേസ്മാര്‍ക്കും പത്തുമാര്‍ക്കിന്റെ പരിഗണനയോടെയുള്ള ആഭിമുഖവും അനുകൂലമാകുന്നതോടെ പരീക്ഷയ്‌ക്കായി പഠിച്ചു തയ്യാറായി വരുന്നവരെക്കാള്‍ താത്കാലികക്കാര്‍ മുന്നില്‍ വരും.
സര്‍ക്കാര്‍ നിശ്ചയിച്ച സംവരണ പ്രകാരമായിരിക്കില്ല നിയമനം. ഇതുമൂലം സംവരണവും അട്ടിമറിക്കപ്പെടും. ഉയര്‍ന്ന യോഗ്യതവേണ്ട തസ്തികകളില്‍ വിദ്യാഭ്യാസയോഗ്യത കണക്കാക്കിയാല്‍ താത്കാലികക്കാര്‍ക്ക് അര്‍ഹതയില്ലെങ്കിലും ബോര്‍ഡിന്റെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ ഈ തീരുമാനം സഹായകമാകും. കൂടുതല്‍ വര്‍ഷം സേവനം അനുഷ്ഠിച്ചവര്‍ക്ക് കൂടുതല്‍ ഗ്രേസ്മാര്‍ക്ക് നല്‍കാനാണ് തീരുമാനം.
ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മാനേജിങ് സിസ്റ്റം വരുന്നതോടെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കു തടയിടാനാകുന്നെന്ന് അവകാശപ്പെടുമ്പോഴും ഇത്തരത്തിലുടെയുള്ള ബോര്‍ഡ് തീരുമാനങ്ങളിലൂടെ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാമെന്ന കണക്കുകൂട്ടലും സര്‍ക്കാരിനുണ്ട്.
















