തലശ്ശേരി: കാസര്‍കോട്ടെ ഭര്‍തൃവീട്ടിലേക്കുള്ള യാത്രക്കിടയില്‍ യുവതിയുടെ പത്തര പവനും 4500 രൂപയും നഷ്ടപ്പെട്ടു. മാഹി പാറക്കലിലെ വളവില്‍ സര്‍വ്വമംഗളം വീട്ടില്‍ മിനിയാണ് പരാതിക്കാരി. ഇന്നലെ രാവിലെ മാഹിയില്‍ നിന്നും അമ്മയോടൊപ്പം മാഹി റെയില്‍വെ സ്‌റ്റേഷനിലെത്തിയ മിനി തത്സമയം തീവണ്ടിയില്ലാത്തതിനാല്‍ സ്വകാര്യ ബസ്സില്‍ കയറി തലശ്ശേരിയിലെത്തിയതായിരുന്നു. വഴിയില്‍ പുന്നോല്‍ പെട്ടിപ്പാലത്തിനടുത്തെത്തിയപ്പോള്‍ ബസ്സില്‍ തിരക്ക് കൂടിയിരുന്നതായി മിനി ഓര്‍ക്കുന്നു. വടകരയില്‍ നിന്നും തലശ്ശേരിക്കുള്ള ബസ്സിലാണ് യാത്ര ചെയ്തിരുന്നത്. തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റിലിറങ്ങിയപ്പോഴാണ് വാനിറ്റി ബാഗ് പാതി തുറന്ന നിലയിലും അതില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായും മനസ്സിലായതെന്നാണ് യുവതി പറയുന്നത്. മിനിയുടെ പരാതിയെ തുടര്‍ന്ന് യാത്രക്കാരടക്കം ബസ്സ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചുവെങ്കിലും കണ്ടെത്താനായില്ല. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു
















