മണ്ഡലക്കാലം ആകുമ്പോഴേക്കും ഓരോ മലയാളിയുടെയും മനസ്സിലും ചുണ്ടിലും ഭക്തിയുടെ തളിര്നാമ്പുപോലെ മുളയ്ക്കുന്ന പാട്ട.് ‘ഹരിവരാസനം’ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ ഉറക്ക്പാട്ട് ഇന്ന് ലോകപ്രശസ്തമാണ്. എന്നാല്‍ ഹരിഹരപുത്രന്റെ ഈ ഉറക്ക്പാട്ട് എഴുതിയത് ആരാണ് എന്നത് എത്രപേര്‍ക്കറിയാം. ഒരു നൂറ്റാണ്ട് കഴിഞ്ഞാട്ടാണെങ്കിലും ഭക്തിരസം തുളുമ്പുന്ന ഈ പാട്ടിന്റെ രചയിതാവിനെ ലോകം അറിഞ്ഞു, ആലപ്പുഴ പുറക്കാട് കോന്നകത്ത് ജാനകിയമ്മയെ.
1893 ലാണ് ജാനകിയമ്മയുടെ ജനനം. അച്ഛന് ശബരിമലയിലെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യര്‍. അമ്മ കല്യാണിക്കുട്ടിയമ്മ. അമ്പലപ്പുഴ പുറക്കാട് ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ വെച്ചായിരുന്നു ജാനകിയമ്മ എഴുതിയ ഹരിവരാസനം ആദ്യമായി പാടിയത്. ആനന്ദേശ്വരം ക്ഷേത്രത്തില്‍ വൃശ്ചികമാസത്തില്‍ ധാരാളം അയ്യപ്പന്മാര് എത്തുമായിരുന്നു. അവര്‍ രാത്രികാലങ്ങളില്‍ ക്ഷേത്രത്തിലിരുന്ന ഭജനപാടുന്നതും പതിവായിരുന്നു. അവര്‍ക്കൊപ്പം ഇരുന്നാണ് ജാനകിയമ്മ താന്‍ രചിച്ച ഹരിവരാസനം ഭജനരൂപത്തില്‍ പാടിയെതെന്ന് മകള്‍ കോന്നകത്ത് ബാലാമണിയമ്മ പറയുന്നു. തന്റെ അമ്മ രചിച്ച പാട്ടിന് മേല്‍വിലാസമില്ലാതെ പോകുന്നുവെന്ന് മനസിലാക്കിയപ്പോള്‍ നിയമനടപടിയിലൂടെ അതിനൊരു നാഥയുണ്ടെന്ന് ലോകത്തെ അറിയിച്ചത് ബാലമണിയമ്മയാണ്. ജാനകിയമ്മയുടെ മുപ്പതാമത്തെ വയസിലാണ് ഹരിവരാസനം എഴുതിയതെന്ന് 75 വയസുള്ള മകള്‍ ബാലാമണിയമ്മ പറയുന്നു. പതിനൊന്ന് മക്കളായിരുന്നു ജാനകിയമ്മയ്ക്ക്. അതില്‍ ഏഴാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്ന സമയത്താണ് അമ്മ ഹരിവരാസനം എഴുതിയത്. ആണ്‍കുട്ടിയാണ് ജനിച്ചത്. അതുകൊണ്ട് അയ്യപ്പന് എന്ന പേരും നല്കി.
സംസ്കൃതത്തില്‍ വലിയ പാണ്ഡിത്യമുള്ള ജാനകിയമ്മ സ്വാമി അയ്യപ്പനെക്കുറിച്ചുള്ള കഥകള്‍ അച്ഛന് അനന്തകൃഷ്ണയ്യരില്നിന്നാണ് കേട്ടിരുന്നത്. അങ്ങനെ അയ്യപ്പസ്വാമിയോടുള്ള ഭക്തി ജാനകിയമ്മയില്‍ വളര്‍ന്നു. അങ്ങനെയാണ് 1923 ല്‍ ഹരിവരാസനം എന്ന കൃതി എഴുതുന്നത്. രാമനാഥപുരം കമ്പക്കുടി കുളത്തൂര്‍ ശ്രീനിവാസ അയ്യരാണ് ഹരിവരാസനം എഴുതിയതെന്നാണ് പലരും മനസിലാക്കിയത്. എന്നാല്‍ അദ്ദേഹം കേവലം സമ്പാദകന്‍ മാത്രമായിരുന്നുവെന്ന് തെളിവുകള്‍ സഹിതം ബാലാമണിയമ്മ പറയുന്നു.
1963 ല്‍ തിരുവനന്തപുരം ചാലയിലുള്ള ജയചന്ദ്രാബുക്സ് പുറത്തിറക്കിയ ”ഹരിവരാസനം വിശ്വമോഹനം” എന്ന കീര്‍ത്തന സമാഹാരത്തില്‍ 78-ാം പേജില്‍ ഹരിഹരാത്മജാഷ്ടകം എന്നപേരില്‍ ഹരിവരാസനം കൃതി അച്ചടിച്ചതില്‍ ശ്ലോകത്തിന്റെ താഴെ സമ്പാദകന്റെ പേരായിട്ടുള്ളത് കമ്പക്കുടി കുളത്തൂര്‍ അയ്യര്‍ എന്നാണ്. ഈ ഒറ്റകാര്യം മതിയായിരുന്നു കുളത്തൂരയ്യരല്ല ഹരിവരാസനം എഴുതിയതെന്നും മറ്റൊരാളാണെന്നും മനസ്സിലാക്കാന്‍. തുടര്‍ന്ന് ജാനകിയമ്മ എഴുതിയ ഹരിവരാസനത്തിന്റെ കൈയ്യെഴുത്ത് പ്രതിയുംകൂടി കണ്ടെടുത്തോടെ ഒരു നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹരിവരാസനത്തിന്റെ രചയിതാവിനെ അയ്യപ്പസ്വാമിതന്നെ വെളിവാക്കിതന്നു.
കുട്ടനാടായിരുന്നു ജാനകിയമ്മയുടെ തറവാട്. ഭര്‍ത്താവ് ശങ്കരപ്പണിക്കര്‍ കര്‍ഷകനായിരുന്നു. കൃഷിക്ക് നഷ്ടം വന്നപ്പോള്‍ കൃഷിനിര്‍ത്തി. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം ജാനകിയമ്മ ശാസ്താംകോട്ടയിലേക്ക് താമസം മാറ്റി. താന്‍ എഴുതിയപാട്ട് അയ്യപ്പന്റെ തിരുനടയില്‍ പാടണമെന്ന് കലശലായ ആഗ്രഹം ജാനകിയമ്മയ്ക്കുണ്ടായി. അങ്ങനെ തന്റെ അച്ഛനോട് കാര്യം പറഞ്ഞു. മകളുടെ ആഗ്രഹം അറിഞ്ഞ അച്ഛന് അനന്തകൃഷ്ണഅയ്യര്‍ അത് ശബരിമല നടയ്ക്കുവെച്ച് പാടി. പിന്നീട് ഇത് മാവേലിക്കര വടക്കത്തില്ലത്ത് ഈശ്വരന് നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി വന്നപ്പോള്‍ സ്ഥിരമായി നടയില്‍നിന്ന് ഭക്തിയോടെ ആലപിക്കാന്‍ തുടങ്ങി. ആ സമയത്ത് നടയിലുള്ള അയ്യപ്പന്മാര് അത് ഏറ്റുപാടി. ഹരിവരാസനം അയ്യപ്പന്റെ ഉറക്ക്പാട്ടായി മാറ്റണമെന്ന് വിമോദാനന്ദസ്വാമികളാണ് നിര്‍ദ്ദേശിച്ചത്. അയ്യപ്പ ഭക്തര്‍ അത് ഉറപ്പിക്കുകയും ചെയ്തു. 1975 ല്‍ മെരിലാന്റ് സുബ്രമണ്യം ”സ്വാമി അയ്യപ്പന്” സിനിമയാക്കിയപ്പോള്‍ ഈ ഗാനം ഉള്‍പ്പെടുത്തി മധ്യമാവതി രാഗത്തില്‍ ദേവരാജന്‍മാഷ് ചിട്ടപ്പെടുത്തി യേശുദാസിന്റെ ശബ്ദത്തില്‍ പാട്ട് പുറത്തുവന്നതോടെ ലോകം അത് ഹൃദയത്തിലേറ്റുവാങ്ങി.
എന്നാല്‍ നടയടയ്ക്കുമ്പോള്‍ ഇപ്പോഴും കോന്നകത്ത് ജാനകിയമ്മ ആലപിച്ച പരമ്പരാഗത ശൈലിതന്നെയാണ് ഉപയോഗിക്കുന്നത്. ജാനകിയമ്മയുടെ സ്മരാണാര്‍ത്ഥം കുടുംബക്കാര് ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് രൂപികരിച്ചിട്ടുണ്ട്. അതിന്റെ മുഖ്യരക്ഷാധികാരിയായി നിയോഗിച്ചിരിക്കുന്നത് കുമ്മനം രാജശേഖരനെയാണ്. രക്ഷാധികാരി കെ.ജി.ജയന്(ജയവിജയ), ചെയര്മാന് കോന്നകത്ത് ജാനകിയമ്മയുടെ ചെറുമകന് പി.മോഹന്‍കുമാര്‍, വെസ് ചെയര്മാന് രാജസേനന്, സെക്രട്ടറി ജാനകിയമ്മയുടെ ചെറുമകനും ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: