തൊടുപുഴ/ കട്ടപ്പന: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് വീശിയടിച്ച ശക്തമായ കാറ്റില്‍ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത് ഇടുക്കി ജില്ലയില്‍. കൃഷിനാശം അടക്കം ജില്ലയിലാകെ അഞ്ച് കോടിയുടെ നഷ്ടം കണക്കാക്കുമ്പോള്‍ കെഎസ്ഇബിയ്‌ക്ക് മാത്രം ഏകദേശം രണ്ടര കോടിയോളം രൂപയുടെ നാശമാണ് ഉണ്ടായിരിക്കുന്നത്.
വ്യാഴാഴ്ച ഒറ്റ ദിവസം കൊണ്ട് മാത്രം നശിച്ചത് അഞ്ഞൂറ് 11 കെവി പോസ്റ്റുകളും, 2000 എല്‍റ്റി പോസ്റ്റുകളുമാണ്. ഇത് കൂടാതെ 100 ഓളം സ്ഥലത്ത് 11 കെവിയുടെയും, 1000 ഓളം ഇടത്ത് ഗാര്‍ഹിക കണക്ഷന്റെ പോസ്റ്റുകളുടെയും ലൈനിന്റെ കമ്പി പൊട്ടി. നാല് ഡിവിഷനുകളുള്ള ജില്ലയില്‍ പീരുമേട് ഡിവിഷനിലാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
കട്ടപ്പന ഡിവിഷനില്‍ മാത്രം എഴുപത് 11 കെവിയും 150 ലോ ടെന്‍ഷന്‍ പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. ഡിവിഷന്‍ തിരിച്ചുള്ള മറ്റ് കണക്കുകള്‍ ലഭ്യമായിട്ടില്ല. അടിമാലി ഡിവിഷനിലും വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കാറ്റ് പിടിച്ച് നാശം ഉണ്ടാകാത്തത് തൊടുപുഴ ഡിവിഷനില്‍ മാത്രമാണ്.
വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനായി അധികം പേര്‍ക്ക് കോണ്‍ട്രാക്ട് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങിപോയവരെയും അവധി എടുത്തവരെയും എത്തിച്ചാണ് പണികള്‍ പുരോഗമിക്കുന്നത്. ഇന്നും പണി തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
















