ചെന്നൈ: എയര്‍സെല്‍ മാക്‌സിസ് കേസില്‍ ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ആറു കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ അടുത്ത ബന്ധുവിന്റെ വസതിയിലും റെയ്ഡ് നടന്നു. എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ കിട്ടിയ കോടികള്‍ വെളുപ്പിച്ചതിന്റെ വിശദാംശം അറിയാനായിരുന്നു ചെന്നൈയിലെ നാലിടങ്ങളിലും കൊല്‍ക്കത്തയിലെ രണ്ടിടങ്ങളിലും പരിശോധന.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുടെ അമ്മാവന്‍( ചിദംബരത്തിന്റെ ഭാര്യ നളിനിയുടെ സഹോദരന്‍) എസ് കൈലാസം, എസ്. സാംബമൂര്‍ത്തി, രാംജി നടരാജന്‍, മനോജ് മൊഹാങ്ക, തുടങ്ങിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. 2006ല്‍ എയല്‍സെല്‍ മാക്‌സിസ് ഇടപാടിന് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ അനുമതി വഴിവിട്ട് ലഭ്യമാക്കിയെന്നും അതുവഴി കോടികള്‍ കോഴ വാങ്ങിയെന്നുമാണ് കേസ്.
വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയ, വിവിധ രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന സ്ഥാപനത്തിന് ഗുഡ്ഗാവിലെ തന്റെ കാര്‍ത്തി വസ്തു വാടകക്ക് നല്‍കിയെന്നും പിന്നീട് അത് വിറ്റെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇത് കോടികളുടെ കോഴ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു.
















