വിഴിഞ്ഞം: നൂറുവയസ്സിന്റെ പൂര്‍ണതയിലേക്ക് കാലുകുത്തുമ്പോഴും ചെണ്ടമേളമെന്ന ആവേശം പുഷ്‌കരനാശാന് കരുത്ത് തന്നെയാണ്. പാച്ചല്ലൂര്‍ ചാന്നാരുവിളാകത്ത് വീട്ടിലേക്ക് എത്തുന്നവരെ വരവേല്‍ക്കുന്നത് ചെണ്ട പഠിപ്പിക്കുന്നതിന്റെ ശബ്ദ ഘോഷമാണ്. പ്രായം ശരീരത്തില്‍ വീഴ്‌ത്തിയ ചുളിവുകള്‍ ഒന്നും താളബോധത്തെ തകര്‍ക്കാന്‍ പോന്നവയല്ല എന്ന് തെളിയിക്കുകയാണ് ആശാന്‍. മൂത്തമകനായ രാധാകൃഷ്ണനാണ് 25 ലധികം വരുന്ന കുട്ടികള്‍ ഉള്‍പ്പെട്ട ശിഷ്യരെ ചെണ്ടയുടെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്നത്. കേള്‍വി ശക്തി കുറവാണെങ്കിലും ചെറിയ താളപ്പിഴകള്‍ പോലും ചൂണ്ടിക്കാണിച്ച് പുഷ്‌കരനാശാന്‍ സമീപത്ത് തന്നെയുണ്ടാകും.
തന്റെ പതിനാലാമത്തെ വയസിലാണ് ആദ്യമായി ചെണ്ടമേളത്തിനായി ഉത്സവ പറമ്പിലെത്തിയതെന്ന് ആശാന്‍ ഓര്‍ത്തെടുക്കുന്നു. ശാരീരികമായ അസ്വസ്ഥകള്‍ മൂലം ഏറെനേരം നില്‍ക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോള്‍ മേളത്തിന് പോകാത്തത്. അഞ്ചുവര്‍ഷം മുമ്പുവരെ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു.
തെക്കന്‍ കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റുവും പ്രായംകൂടിയ ചെണ്ട വിദ്വാനാണ് പുഷ്‌കരനാശാന്‍. ഇദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയില്‍പെട്ടവരാണ് നിലവിലെ ഭൂരിഭാഗം ചെണ്ടമേളക്കാരും. ആയിരത്തിലധികം ഉത്സവ സ്ഥലങ്ങളില്‍ മേളം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനക്ഷേത്രങ്ങളിലും മറ്റ് ആഘോഷവേദികളിലും ഒരുകാലത്ത് ഇദ്ദേഹത്തിന്റെ മേളം ഒഴിച്ചുകൂടാനാകാത്തതായിരുന്നു. ഓണാഘോഷങ്ങളും ജലോത്സവങ്ങളും ഉള്‍പ്പെടെ വലിയ ജനസാന്നിധ്യമുള്ള പരിപാടികള്‍ക്കായി മാസങ്ങള്‍ക്ക് മുമ്പെ ബുക്കിംഗ് എത്തുമായിരുന്നു.
പ്രശസ്തമായ പാച്ചല്ലൂര്‍ ക്ഷേത്രത്തിലെ തങ്ക തിരുമുടി എഴുെന്നള്ളത്തിന് ആശാന്റെ മേളം കൂടിയാകുമ്പോഴാണ് പൂര്‍ണത ഉണ്ടാകുക എന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സാംസ്‌കാരികകേരളം പുഷ്‌കരനാശാനെ അവഗണിച്ചതില്‍ പലര്‍ക്കും പ്രതിഷേധമുണ്ട്. മണ്‍കട്ട കൊണ്ട് നിര്‍മിച്ച ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഇദ്ദേഹത്തിന്റെയും മക്കളുടെയും താമസം. ടാര്‍പോളിന്‍ കൊണ്ടുള്ള മേല്‍ക്കൂരയ്‌ക്ക് എത്ര നാള്‍ മഴയെ ചെറുക്കാനാകും എന്നതും ചോദ്യചിഹ്നമാണ്. പുതിയ തലമുറയില്‍ പെട്ട കലാകാരന്‍മാര്‍ക്ക് പോലും നിരവധി ആദരവുകള്‍ ലഭിക്കുമ്പോഴും നൂറുതികയുന്ന ഈ പ്രതിഭയെ തിരിച്ചറിയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തത് നിര്‍ഭാഗ്യകരമാണ്.
പക്ഷേ പരാതികളും പരിഭവങ്ങളും പങ്കുവയ്‌ക്കാത്ത പുഷ്‌കരനാശാന് ഈ പ്രായത്തിലും ചെണ്ടമേളം എന്ന കലാരൂപത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നതിലാണ് വ്യാകുലത. ഈ പാരമ്പര്യ കലയെ നിലനിറുത്താനും അര്‍ഹമായ ആദരവ് നല്‍കാനും സാംസ്‌കാരികവകുപ്പ് തയ്യാറാകണം എന്നാണ് ഇദ്ദേഹത്തിന്റെ അഭ്യര്‍ഥന. മേളത്തഴക്കത്തിന്റെ പരിപൂര്‍ണതയില്‍ താളപ്പിഴവില്ലാതെ ഈ മനുഷ്യന്‍ ജീവിക്കുന്നതും അതിനാണ്.
















