കൊല്ലം: പുത്തന്‍പണം എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് ചുവടുവച്ച മാസ്റ്റര്‍ സ്വരാജായിരുന്നു ഇന്നലെ ശ്രദ്ധാകേന്ദ്രമായത്. കൊല്ലം വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍കലോത്സവത്തിന് ഉദ്ഘാടകനായ മുകേഷ് എംഎല്‍എയെക്കാല്‍ കയ്യടി നേടിയതും ഈ കൊച്ചുമിടുക്കനാണ്.
സെന്റ്അലോഷ്യസ് സ്‌കൂളില്‍ നാലുദിവസം നീളുന്ന മേളയുടെ കലാദീപം തെളിയിക്കാനായാണ് സ്വരാജ് എത്തിയത്. മിമിക്രി കലാകാരനായ തന്നെ സിനിമയില്‍ എത്തിച്ച അദ്ധ്യാപകരോട് നന്ദി പറഞ്ഞുകൊണ്ടാണ് സ്വരാജ് പ്രസംഗം ആരംഭിച്ചത്. പരിശ്രമവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ കലോത്സവ വേദികളില്‍ കൂടി ഉയരങ്ങളില്‍ എത്താം എന്നതിന് തെളിവാണ് താന്‍. മഞ്ജുവാര്യര്‍ക്ക് ഒപ്പം ഉദാഹരണം സുജാതയാണ് ചെയ്ത രണ്ടാമത്തെ സിനിമ. നാവായികുളത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന സാധാരണ വിദ്യാര്‍ത്ഥിയാണ് താനെന്നും സ്വരാജ് പറഞ്ഞു.
കലോത്സവവേദിയിലെ സ്വരാജിന്റെ പ്രസംഗം ആദ്യന്തം ശ്രദ്ധയോടെ ഉദ്ഘാടകനായ മുകേഷ് എംഎല്‍എ കേട്ടിരുന്നു. കലോത്സവങ്ങളിലൂടെ മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോസീറ്റീവ് എനര്‍ജിയാണ് പകര്‍ന്നുനല്‍കേണ്ടതെന്ന് മുകേഷ് പറഞ്ഞു.
കലോത്സവങ്ങള്‍ സര്‍ഗശേഷിയെ രാകിമിനുക്കുന്ന അവസരങ്ങളാണെന്നും സമ്മാനത്തിനായല്ല, പ്രതിഭയെ കണ്ടെത്താനാകണം മത്സരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ രാജേന്ദ്രബാബു അധ്യക്ഷനായിരുന്നു.
എഇഒ മുഹമദ് സിദ്ധിക്, ടി.ആര്‍.സന്തോഷ്‌കുമാര്‍, ആന്റണി റോബിന്‍, കൗണ്‍സിലര്‍മാരായ ഷീബാ ആന്റണി, ഉദയാ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
















