കൊല്ലം: അഖില കേസില്‍ ഭീകരബന്ധമുണ്ടെന്ന് എന്‍ഐഎ സംശയിക്കുന്ന ഷെഫിന്‍ ജഹാന്റെ പേരില്‍ കൊല്ലത്ത് മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നാല് കേസുകള്‍. തനിക്കെതിരെ കേസൊന്നുമില്ലെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരിക്കുന്നത്.
കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്നുകേസുകളുണ്ട്. അതില്‍ രണ്ടും അടിപിടിക്കേസുകളാണ്. ഇത് വിചാരണയിലിരിക്കുകയാണ്. ഒരു കേസ് ഇരവിപുരം സ്റ്റേഷനിലും.
2014ല്‍ വ്യാജരേഖ ചമച്ച്, ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ച് പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയതിന് ജൂലൈയില്‍ കിളികൊല്ലൂര്‍ പോലീസ് എടുത്ത കേസാണ് പ്രധാനം. എഫ്‌ഐആര്‍ 9722/2017 ആണ് കേസ് നമ്പര്‍. പാസ്‌പോര്‍ട്ട് ആക്ട് പ്രകാരം കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അക്കാലത്ത് പോലീസിന്റെ ഒത്താശയോടെ കരസ്ഥമാക്കിയതാണ് പാസ്‌പോര്‍ട്ട് എന്ന് കരുതുന്നു. ഇരവിപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷെഫിന്‍ ജഹാന്റെ പേരിലുള്ള കേസ് വീഡിയോദൃശ്യങ്ങള്‍ തെളിവാക്കിയാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങളില്‍ അതിന് നേതൃത്വം നല്‍കുന്നത് ഷെഫിന്‍ ജഹാനാണ്. ഷെഫിനുമായി ബന്ധപ്പെട്ട കേസുകള്‍ വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക് പോലീസ് കൈമാറിയിട്ടുണ്ട്.
















