കോട്ടയം: തദ്ദേശസ്ഥാപനങ്ങള്‍ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണിയ്‌ക്കുമായി കരാറുകാര്‍ക്ക് ടാര്‍ വാങ്ങി നല്‍കണമെന്ന ഉത്തരവ് അട്ടിമറിച്ചു. കരാറുകാര്‍ക്ക് ടാര്‍ വാങ്ങി നല്‍കാന്‍ പഞ്ചായത്തുകള്‍ താല്പര്യം കാണിക്കാത്തതിനാല്‍ ഗ്രാമീണ റോഡുകള്‍ തകര്‍ച്ചയിലാണ്. റോഡുകളുടെ അറ്റകുറ്റപ്പണി ജില്ലയില്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. മുമ്പ് കരാറുകാരയായിരുന്നു ടാര്‍ വാങ്ങിയിരുന്നത്. ഇതില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അതാത് തദ്ദേശ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ക്കാവശ്യമായ ടാര്‍ വാങ്ങി കൊടുക്കാന്‍ ഉത്തരവിറക്കിയത്.
തദ്ദേശ സ്ഥാപനങ്ങളുെട സാമ്പത്തിക പ്രതിസന്ധിയാണ് റോഡുകളുടെ അറ്റകുറ്റപ്പണിയെ ബാധിച്ചതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ട്രഷറി നിയന്ത്രണം വന്നതോടെ ബില്ലുകള്‍ മാറാന്‍ കഴിയാത്ത അവസ്ഥയാണ്. പണ വിനിയോഗത്തിനും നിയന്ത്രണമുണ്ട്. നികുതി വരുമാനം കുറയുന്നതും പഞ്ചായത്തുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സര്‍ക്കാര്‍ ഗ്രാന്റിനെ ആശ്രയിച്ച് മാത്രമാണ് പല പഞ്ചായത്തുകളും പിടിച്ച് നില്‍ക്കുന്നത്. ഇക്കാരണത്താല്‍ പഞ്ചായത്തുകള്‍ ടാര്‍ വാങ്ങി കൊടുക്കാന്‍ താല്പര്യം കാണിക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ടാര്‍ വാങ്ങി കൊടുക്കാന്‍ തീരുമാനം എടുക്കേണ്ടത്.
എണ്ണക്കമ്പനികളില്‍ നിന്ന് ടാര്‍ വാങ്ങുന്നതിനുള്ള നൂലാമാലകളും പഞ്ചായത്തുകളെ പിന്നോട്ടടിക്കുന്നു. അതിനാല്‍ ഗ്രാമീണ പ്രവൃത്തികള്‍ക്ക് രൂക്ഷമായ ടാര്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇക്കാരണത്താല്‍ റോഡ് പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്താലും കരാറുകാര്‍ എടുക്കുന്നില്ല. ടാര്‍ കൂടാതെ മെറ്റലിനും ദൗര്‍ലഭ്യമുണ്ട്. പരിസ്ഥിതി അനുമതി പരിശോധിക്കാന്‍ 25,00 ക്വാറികള്‍ അടച്ച് പൂട്ടിയിരിക്കുകയാണ്. ഇക്കാരണത്താല്‍ ചെറുകിട കരാറുകാര്‍ക്ക് മെറ്റല്‍ ലഭിക്കാത്ത അവസ്ഥയാണ്. തുലാമഴ കഴിഞ്ഞപ്പോള്‍ ഗ്രാമീണ റോഡുകളുടെ തകര്‍ച്ച പൂര്‍ണ്ണമായിട്ടുണ്ട്. വലികുഴികളാണ് റോഡുകളില്‍. ഇതില്‍ വാഴ നട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചിട്ടും പഞ്ചായത്തുകള്‍ നന്നാക്കാന്‍ തയ്യാറാകുന്നില്ല.
















