കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നു. സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ പുറത്തു വിടരുതെന്നാണ് പോലീസിന്റെ ആവശ്യം. മൊഴികള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായാല്‍ വിചാരണ വേളയില്‍ പ്രോസിക്യൂഷന് ബുദ്ധിമുട്ടാകുമെന്ന് അന്വേഷണ സംഘം പറയുന്നു.
വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തോടൊപ്പം നല്‍കിയ സാക്ഷിമൊഴികളാണ് പുറത്തു വരുന്നത്. 1452 പേജുകളുള്ള കുറ്റപത്രത്തില്‍ 215 സാക്ഷിമൊഴികളാണുള്ളത്. 18 രേഖകളും റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉണ്ട്. സാക്ഷികളില്‍ അമ്പത് പേര്‍ സിനിമാ രംഗത്ത് ഉള്ളവരാണ്. വിചാരണ ഘട്ടത്തില്‍ ഇവരില്‍ ചിലര്‍ കൂറുമാറാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പലരും കോടതി മുമ്പാകെ നല്‍കിയ രഹസ്യ മൊഴികള്‍ കുറ്റപത്രത്തിന്റെ ഭാഗമാക്കിയത്.
ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായ സംവിധായകന്‍ നാദിര്‍ഷാ, ആലുവയിലെ ഡോ.ഹൈദര്‍ അലി, രണ്ടാം ഭാര്യ കാവ്യാ മാധവന്‍, മാനേജര്‍ സുനില്‍ രാജ് എന്നിവരും കേസിലെ സാക്ഷികളാണ്. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാനാണ് ധാരണ.
















