ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ അമൂല്യമായ പതക്കം മോഷണം പോയ കേസില്‍ ടെമ്പിള്‍ സ്‌ക്വാഡ് അന്വേഷണം തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ ഡിവൈഎസ്പി ശ്യാംകുമാര്‍ ക്ഷേത്രത്തിലെത്തി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസി. കമ്മീഷണര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.
കഴിഞ്ഞ വിഷു ദിനത്തില്‍ ഭഗവാന് ചാര്‍ത്താതിരുന്നതോടെയാണ് പതക്കം നഷ്ടപ്പെട്ട വിവരം പുറംലോകം അറിയുന്നത്. ഏപ്രില്‍ 20ന് അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തെങ്കിലും ഫലം ഉണ്ടായില്ല. ഇതിനിടെ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് പതക്കവും മാലയും കണ്ടുകിട്ടി. പത്രക്കടലാസില്‍ പൊതിഞ്ഞ് ഒരു സ്ത്രീയാണ് ഇവ കാണിക്കവഞ്ചിയില്‍ നിക്ഷേപിച്ചതെന്നും വിവരം ലഭിച്ചിരുന്നു. ക്ഷേത്രത്തിലെ ജീവനക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്തു.
ഇതോടെ അന്വേഷണം പൂര്‍ണമായും നിലച്ചു. ഈ സാഹചര്യത്തില്‍ ഭക്തജന കര്‍മ്മസമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കഴിഞ്ഞ സപ്തംബറിലാണ് ടെമ്പിള്‍ സ്‌ക്വാഡ് അന്വേഷിക്കാന്‍ കോടതി ഉത്തരവായത്. രണ്ടു മാസത്തിന് ശേഷമാണ് ഹൈക്കോടതി ഉത്തരവ് നടപ്പായത്. ഇതിനിടെ ക്ഷേത്രത്തിലെ മറ്റു ചില സ്വര്‍ണ്ണാഭരണങ്ങളും കാണാതായിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു.
















