തിരുവനന്തപുരം: അര്‍ച്ചന കൊലക്കേസില്‍ ഭര്‍ത്താവും ടിവി സീരിയല്‍ സംവിധായകനുമായ ദേവന്‍ കെ. പണിക്കര്‍ക്ക് (ദേവദാസ് (40)) ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും.
2009 ഡിസംബര്‍ 31 നാണ് തൊഴുവന്‍കോട്ടുള്ള വാടകവീട്ടില്‍ നിന്ന് അര്‍ച്ചനയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. കൈകളും കാലുകളും കൂട്ടിക്കെട്ടി, തലയില്‍ മുറിവുകളോടെ, ചീഞ്ഞഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവാഹമോചനത്തിന് തയ്യാറാകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ദേവന് മറ്റൊരു ഭാര്യയുണ്ടെന്ന വിവരം മറച്ചുവച്ചാണ് ബ്യൂട്ടീഷനായ അര്‍ച്ചനയെ വിവാഹംകഴിച്ചത്. തുടര്‍ന്ന് കുടുംബ ജീവിതത്തിലെ അസ്വസ്ഥത അര്‍ച്ചനയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് എത്തി. ദേവന് മറ്റൊരു ഭാര്യയുള്ള വിവരം അര്‍ച്ചന അറിയുകയും ബന്ധം വേര്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്‍തിരിയുകയും ചെയ്തു. ഈ തീരുമാനം ദേവനെ പ്രകോപിപ്പിക്കുകയും കൊലപാതകത്തിലേക്ക് എത്തിക്കുകയും ചെയ്തു.
കൊലയ്‌ക്ക് ശേഷം മൃതദേഹം പുതപ്പില്‍പൊതിഞ്ഞ് മുറിയില്‍ ഉപേക്ഷിച്ചശേഷം വീടിന്റെ വാതില്‍ പുറത്തുനിന്നു പൂട്ടി പ്രതി രക്ഷപ്പെട്ടു. അന്യസംസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സീരിയല്‍ രംഗത്തെ മറ്റു സുഹൃത്തുകളെ ഉപയോഗിച്ച് പിടികൂടുകയായിരുന്നു.
എട്ടുവര്‍ഷം നിണ്ട വിചാരണയ്‌ക്കൊടുവില്‍ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി നാസര്‍ ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 201 എന്നീ വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകളാണ് നിര്‍ണായകമായത്. അയല്‍വാസിയുടെ മൊഴിയും പ്രതിക്ക് എതിരായിരുന്നു. പതിനേഴ് സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 27 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.
















