കണ്ണൂര്‍: സംസ്ഥാനത്ത് പ്രത്യേകിച്ച് കണ്ണൂരില്‍ ശാശ്വത സമാധനമുണ്ടാക്കാന്‍ മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയും സമാധാന തീരുമാനങ്ങളും കടലാസില്‍ ഒതുങ്ങി.
സിപിഎം നാളുകളായി സംസ്ഥാനത്താകമാനം കൊലയും അക്രമവുമായി മുന്നോട്ടു പോവുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 14 പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംഘപരിവാര്‍ നേതൃത്വം തയ്യാറായി. ചര്‍ച്ചകള്‍ നടത്താനും ഭരണതല തീരുമാനങ്ങളെ അംഗീകരിക്കാനും സംഘം തയ്യാറായി. എന്നാല്‍ ഇവയെല്ലാം സംസ്ഥാനത്തും കണ്ണൂരിലും കുറേ ദിവസങ്ങളായി അട്ടിമറിച്ചു.
സമാധാനനീക്കങ്ങള്‍ക്കു ശേഷം മൂന്ന് പരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ടു. കണ്ണൂരില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് ബിജു, തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകന്‍ രാജേഷ്, ഏറ്റവും ഒടുവില്‍ കഴിഞ്ഞ 12 ന് തൃശൂരില്‍ ആര്‍എസ്എസ് പ്രവരത്തകനായ ആനന്ദ്.
ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ സംഘപരിവാര്‍ പ്രവര്‍ത്തകരേയും നേതാക്കളേയും കളളക്കേസുകളില്‍ ഉള്‍പ്പെടുത്തി ജയിലിലടയ്‌ക്കുന്ന സ്ഥിതിയാണ്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മുകാര്‍ക്കെതിരെ ഒരു നടപടികയും സ്വീകരിക്കുന്നുമില്ല.
തിരുവനന്തപുരത്ത് മേയറെ കൊല്ലാന്‍ ശ്രമിച്ചെന്ന് വ്യാജപ്രചാരണം അഴിച്ചുവിട്ടാണ് വിവിധ സ്ഥലങ്ങളില്‍ അക്രമം അഴിച്ചുവിട്ടത്. തലശ്ശേരിയില്‍ കോടിയേരി പ്രസംഗിച്ച വേദിക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നും കോഴിക്കോട് സിപിഎം ഓഫീസിന് ബോംബെറിഞ്ഞെന്നും പ്രചരിപ്പിച്ച് സംസ്ഥാനത്താകമാനം അക്രമവും പ്രതിഷേധവും നടത്തിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരൊറ്റ പ്രതിയേയും പിടിച്ചിട്ടില്ല.
സിപിഎമ്മുകാര്‍ത്തന്നെ അക്രമങ്ങള്‍ സംഘടിപ്പിച്ച് പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു എന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യാതൊരു പ്രകോപനവുമില്ലാതെ ദിവസങ്ങളായി സിപിഎമ്മുകാര്‍ ഏകപക്ഷീയമായി അക്രമങ്ങള്‍ നടത്തി വരികയാണ്. മിക്ക അക്രമങ്ങളിലും പോലീസ് ഏകപക്ഷീയമായി പെരുമാറുകയാണ്.
















