കോഴിക്കോട്: അറിവിന്റെയും നിറവിന്റെയും ശാസ്ത്രകൗതുകങ്ങളുടെയും ചെപ്പുതുറക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 23 മുതല്‍ 26 വരെ കോഴിക്കോട്ട് നടക്കും. 217 ഇനങ്ങളിലായി 6802 മത്സരാര്‍ത്ഥികള്‍ ശാസ്‌ത്രോത്സവത്തില്‍ മാറ്റുരയ്‌ക്കും. കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് പ്രവൃത്തി പരിചയമേളയിലാണ്. ഭിന്നശേഷിക്കാരുള്‍പ്പെടെ 3500 പേര്‍. ശാസ്ത്രമേളയില്‍ 1120 പേരും ഗണിതശാസ്ത്രമേളയില്‍ 924 പേരും സാമൂഹ്യശാസ്ത്രമേളയില്‍ 700 പേരും ഐടി മേളയില്‍ 308 പേരും വൊക്കേഷണല്‍ എക്‌സ്‌പോയില്‍ 250 വിദ്യാര്‍ത്ഥികളും പങ്കെടുക്കും. രാഷ്‌ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ) സയന്‍സ് എക്‌സിബിഷനും ഇത്തവണ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുണ്ട്.
23 ന് രാവിലെ 8.30 മുതല്‍ നടക്കാവ് ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഐടി മേള, ആര്‍എംഎസ്എ സയന്‍സ് എക്‌സിബിഷന്‍ എന്നിവയ്‌ക്ക് നടക്കാവ് ഗവ. ഗേള്‍സ് എച്ച്എസ്എസാണ് വേദിയാവുന്നത്. മലബാര്‍ ക്രിസ്ത്യന്‍കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവൃത്തി പരിചയമേളയും മാനാഞ്ചിറ ഗവ.മോഡല്‍ എച്ച്എസ്എസില്‍ വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ ഫെസ്റ്റും നടക്കും. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ്, സെന്റ് ആഞ്ചലാസ് യുപി സ്‌കൂള്‍, നടക്കാവ് ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ശാസ്ത്രമേള നടക്കും. സെന്റ്‌ജോസഫ്‌സ് ബോയ്‌സ് എച്ച്എസ്എസില്‍ ഗണിതശാസ്ത്രമേളയും സാമൂഹ്യ ശാസ്ത്രമേള ബിഇഎം. ഗേള്‍സ് എച്ച്എസ്എസിലും നടക്കും.
പ്രവൃത്തി പരിചയമേളക്കായി 60,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ള കൂറ്റന്‍ പന്തലാണ് ഒരുങ്ങുന്നത്. വിവിധ ജില്ലകളില്‍ നിന്ന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണ താമസ സൗകര്യങ്ങളും ഗുജറാത്തി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഭക്ഷണശാല. മത്സരാര്‍ഥികള്‍ക്ക് അതത് വേദികളില്‍ തന്നെ ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരാര്‍ഥികളുടെ യാത്രയ്‌ക്കായി റെയില്‍വേസ്റ്റേഷന്‍, ബസ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും താമസസ്ഥലത്തേക്ക് മത്സരവേദികളിലേക്കും ബസുകളും ഒരുക്കിയിട്ടുണ്ട്.
23 ന് രാവിലെ 10 ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് ശാസ്‌ത്രോത്സവത്തിന് തുടക്കമാവുക. മേളയുടെ ഔപചാരിക ഉദ്ഘാടനം 24ന് രാവിലെ 10ന് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ വേദിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. 26ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
എ.പ്രദീപ്കുമാര്‍ എംഎല്‍എ, എഡിപിഐ ജിമ്മി കെ. ജോസ്, ഡിഡിഇ ഇ.കെ. സുരേഷ്‌കുമാര്‍, എം. രാധാകൃഷ്ണന്‍, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ശെല്‍വമണി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















