തളിപ്പറമ്പ്: കൂവേരി വള്ളിക്കടവിലെ കാനമഠത്തില്‍ പ്രഭാകരനെ(55) അടിച്ചുകൊന്ന് സെയ്ത് നഗറില്‍ മരമില്ലിന് സമീപം തള്ളിയ കേസില്‍ വിദേശത്തേക്ക് കടന്ന നാലാം പ്രതിയെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ പിടിയിലായ തളിപ്പറമ്പ് കാനത്ത് ചിറയിലെ പാറോല്‍ക്കാട്ടി അര്‍ഷാദിനെ(26)യാണ് കഴിഞ്ഞദിവസം തളിപ്പറമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്റ് ചെയ്തു.
വര്‍ഷങ്ങളായി തളിപ്പറമ്പിലെ തെരുവോരങ്ങളില്‍ താമസിക്കുന്ന പ്രഭാകരന്‍ 2016 സെപ്തംബര്‍ 28 ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ വെജിറ്റബിള്‍ കടയുടമ ഫാറൂഖ് നഗറിലെ കൊടിയില്‍ മുസ്തഫ(35), കടയിലെ ജീവനക്കാരന്‍ മുയ്യം വരഡൂലിലെ കണ്ടോത്ത് പുതിയ പുരയില്‍ ആഷിദ്(24), ചവനപ്പുഴയിലെ എ.പി.മിര്‍ഷാദ്(23)എന്നിവരെ 2016 ഒക്‌ടോബര്‍ 15 ന് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പോലീസിന് പിടികൊടുക്കാതെ മലേഷ്യയിലേക്ക് കടന്നതിനെ തുടര്‍ന്ന് അര്‍ഷാദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതറിയാതെ തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങിയ അര്‍ഷാദിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
















