തളിപ്പറമ്പ്: ക്ഷേത്ര ഭണ്ഡാരം പൊളിച്ച് കവര്‍ച്ച നടത്തിയ മോഷ്ടാവ് ഒളിച്ചുവെച്ച ആയിരക്കണക്കിന് രൂപയുടെ ചില്ലറ നാണയങ്ങളും മോഷ്ടിച്ച ബൈക്കും ഭണ്ഡാരങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു. കൈതപ്രം തൃക്കുറ്റ്യേരി ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ കാസര്‍കോട് ബളാല്‍ സ്വദേശിയും കടന്നപ്പള്ളി ചെറുവിച്ചേരിയില്‍ താമസക്കാരനുമായ അത്തിക്കടവ് ഹരീഷ് കുമാറിനെ(44) പരിയാരം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പണവും ആയുധങ്ങളും ബൈക്കും കണ്ടെടുത്തത്. കഴിഞ്ഞ 16 നാണ് ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവസ്ഥലത്തുവെച്ചു തന്നെ പ്രതി പിടിയിലാവുകയായിരുന്നു. ക്ഷേത്രത്തില്‍ പോലീസ് പരിശോധന നടത്തി തിരിച്ചുപോകുന്നതിനിടയില്‍ തൊട്ടടുത്ത കടയില്‍ ഇരിക്കുകയായിരുന്ന ഹരീഷിനെ സംശയം തോന്നി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഈയാളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്. ഇതിന് മുമ്പ് നാല് തവണ ഇയാള്‍ തൃക്കുറ്റ്യേരി ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ച നടത്തിയിരുന്നു.
















