കൊച്ചി : സുപ്രീം കോടതിയുടെ ജയില്‍പരിഷ്‌കരണ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി.
പോലീസ് അതിക്രമം, കസ്റ്റഡി മരണം തുടങ്ങിയവ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍സി, ലഹോട്ടി സുപ്രീം കോടതിക്ക് എഴുതിയ കത്ത് പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് ഹൈക്കോടതികള്‍ നടപടിയെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്. 2012 മുതലുള്ള കാലയളവില്‍ തടവില്‍ കഴിയവെ അസ്വാഭാവിക മരണം സംഭവിച്ചവരുടെ ഉറ്റവരെ കണ്ടെത്തി മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതികള്‍ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.
ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ഡിജിപി, ജയില്‍ ഡിജിപി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണനയ്‌ക്കെടുത്തിരിക്കുന്നത്.
തടവുകാരുടെ ആത്മഹത്യാ നിരക്ക് പുറത്തുള്ളതിനേക്കാള്‍ 50 ശതമാനം കൂടുതലാണെന്നും ജയിലുകളിലെ ദുരിതാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു. ജയിലുകളിലെ മരണത്തില്‍ 71 ശതമാനവും അസ്വാഭാവിക മരണമാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
















