തിരുവനന്തപുരം: തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാരുടെ നടപടി അസാധാരണമെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ മുഖപത്രം ജനയുഗം. അസാധാരണമായ നടപടി സ്വീകരിക്കാനുണ്ടായ സാഹചര്യങ്ങളും കാരണങ്ങളുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖപ്രസംഗത്തില്‍ വിശദീകരിച്ചിരിക്കുന്നത്.
അസാധാരണ സാഹചര്യമാണ് സിപിഐയെ അസാധാരണ നടപടിക്ക് നിര്‍ബന്ധിതമാക്കിയത്. തങ്ങളുടെ അസാധാരണ നടപടി പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്‌ട്രീയത്തെ നയിച്ചത്. ഉന്നതമായ നീതിബോധവും രാഷ്‌ട്രീയ പ്രബുദ്ധതയുമുള്ള ജനതയാണ് കേരളത്തിലുള്ളത്. അന്ധമായ രാഷ്‌ട്രീയ വിരോധമില്ലാത്ത പക്വതയോടെ പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ ജനത. അഴിമതി, സ്വജനപക്ഷാപാതം, അധികാരദുര്‍വിനിയോഗം എന്നീ തിന്മകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രതയോടെ പ്രതികരിച്ചിട്ടുണ്ട്.
തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളും വിധിയും മന്ത്രി സ്ഥാനത്ത് തുടരാനുള്ള സാധുതയെ ചോദ്യം ചെയ്യുന്നതായിരുന്നു. സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയെയും എതിര്‍ കക്ഷികളാക്കി മന്ത്രിസഭാംഗം കോടതിയെ സമീപിച്ചത് ഭരണഘടനാവിരുദ്ധവും അപക്വവുമാണെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെയും അഴിമതിക്കെതിരെയും പ്രതികരിച്ചാണ് എല്‍ഡിഎഫിന് അവസരം നല്‍കിയത്.
തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ ആരോപണങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചുവെങ്കില്‍ അത് വിമര്‍ശന ബുദ്ധിയോടെ തിരുത്താന്‍ മുന്നണിയും ഓരോ ഘടകകക്ഷിയും ബാധ്യസ്ഥരാണ്. ആ തിരിച്ചറിവാണ് സിപിഐയെ കടുത്ത നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് ലേഖനത്തില്‍ പറയുന്നു.
















