കൊച്ചി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തനിക്കെതിരായ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നഭ്യര്‍ഥിച്ച് ചാണ്ടി നല്‍കിയ ഹര്‍ജി തള്ളിയ കോടതി മന്ത്രി രാജിവയ്‌ക്കുന്നതാണ് നല്ലതെന്നും വാക്കാല്‍ പരാമര്‍ശിച്ചു.
ഒരു മന്ത്രിക്ക് താനുള്‍പ്പെട്ട സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനാലാണോ കോടതിയെ സമീപിച്ചതെന്നും ഹൈക്കോടതി ആരാഞ്ഞു.
താന്‍ മന്ത്രിയാണെന്ന് വ്യക്തമാക്കുന്ന ഹര്‍ജിക്കാരന്‍ ചീഫ് സെക്രട്ടറിയെയും സര്‍ക്കാരിനെയും കേസില്‍ ഒന്നും രണ്ടും എതിര്‍കക്ഷികളാക്കി. ഇതെങ്ങനെ സാധ്യമാകും? കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ഏതൊരു പൗരനും ഹര്‍ജി നല്‍കാം. പക്ഷെ, ഇവിടെ ഹര്‍ജിക്കാരന്‍ മന്ത്രിയാണ്. ഒരു മന്ത്രിക്കെങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാകും? ഇത്തരമൊരു നടപടി ഇന്ത്യയിലൊരു കോടതിയിലുമുണ്ടായിട്ടില്ല. ഇങ്ങനെയെങ്കില്‍ മന്ത്രി രാജിവയ്‌ക്കുന്നതാണ് നല്ലത്, കോടതി അഭിപ്രായപ്പെട്ടു.
ഹര്‍ജി പിന്‍വലിക്കാന്‍ അവസരം നല്‍കിയിട്ടും അതിനു തയാറാകാത്തതിനാല്‍ ഹൈക്കോടതി ഹര്‍ജി തള്ളി. കളക്ടറുടെ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ കളക്ടറെ സമീപിക്കുന്നതിനു തടസമില്ലെന്ന് കോടതി വ്യക്തമാക്കി.
















