പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലക്കാല സേവനത്തിനായി ആദ്യ ഘട്ടത്തില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ല.
ഇന്നലെ രാവിലെ ആറുമണിയോടെ സന്നിധാനത്തെത്തിയ അഞ്ഞൂറോളം പോലീസുകാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും പരിമിതമായിരുന്നു. ഒരു ബാരക്ക് മാത്രമാണ് ഒരുക്കിയത്. ലാട്രിനുകളുടെ പണി പൂര്‍ത്തിയായിട്ടില്ല. മിക്കതിനും വാതിലുകള്‍ ഘടിപ്പിച്ചിരുന്നില്ല. വാതിലുകളുട പണി നടക്കുന്നതേയുള്ളു. ക്ലോസറ്റുകള്‍ പൊട്ടിപൊളിഞ്ഞുകിടക്കുന്നു.
കട്ടിലുകള്‍ പലതും കാലുകള്‍ ഒടിഞ്ഞ നിലയിലാണ്. പൊടിയും മറ്റും നിറഞ്ഞ ബാരക്ക് വൃത്തിയാക്കിയിട്ടില്ല. തിങ്കളാഴ്‌ച്ച രാത്രിയില്‍ പുറപ്പെട്ട് ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ സന്നിധാനത്ത് എത്തിയ പോലീസ് പ്രാഥമിക കൃത്യങ്ങള്‍പോലും നിര്‍വ്വഹിക്കാനാവാതെ വലഞ്ഞു.
















