കൊച്ചി: പതിമൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) അഖിലേന്ത്യാ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി.
ദല്‍ഹി, മഹാരാഷ്‌ട്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ബീഹാര്‍, മണിപ്പൂര്‍, പശ്ചിമബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 102 അംഗങ്ങള്‍ ഉള്‍പ്പെടുന്ന അഡ്ഹോക് കമ്മിറ്റിയും 26 അംഗ സെക്രട്ടേറിയേറ്റുമാണ് കൊച്ചിയില്‍ ചേര്‍ന്ന അഖിലേന്ത്യാ പ്രവര്‍ത്തക സംഗമം തെരഞ്ഞെടുത്തത്. അഖിലേന്ത്യാ സമ്പൂര്‍ണ്ണ സമ്മേളനം 2018 ഫെബ്രുവരി 25 ന് ഡല്‍ഹിയില്‍ വച്ച് നടത്താനും തീരുമാനിച്ചു.
മറൈന്‍ ഡ്രൈവിലെ ബീന ബേബി നഗറില്‍ യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ഷ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം. വി സുധീപ് അധ്യക്ഷതവഹിച്ചു. വിവിധ സംസ്ഥാന ഭാരവാഹികള്‍ ഘടകങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
ഭാരവാഹികളായി ജാസ്മിന്‍ഷ (പ്രസി), റിന്‍സ് ജോസഫ് (വര്‍ക്കിങ് പ്രസി), എം .വി സുധീപ് (ജന സെക്ര), ടി സി ജിബിന്‍ (വര്‍ക്കിങ് സെക്ര), അനീഷ് മാത്യു (ഖജാ), ജോള്‍ഡിന്‍ ഫ്രാന്‍സിസ് (കോര്‍ഡിനേറ്റര്‍), മാത്യു കെ. ജോണ്‍, ഹാരിസ് മണലുംപാറ, ടിന്റു സോമന്‍ (വൈസ് പ്രസി), ജിഷ ജോര്‍ജ്, ആരതി ജാദവ്, ദീപ്ശിഖ സിംഗ് (ജോ സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
യുഎന്‍എയുടെ ആറാം സംസ്ഥാന സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. 10ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി ഷിബു ബേബിജോണ്‍ മുഖ്യാതിഥിയാകും. പൊതുസമ്മേളനവും യുഎന്‍എ ആറാം സ്ഥാപകദിനാഘോഷവും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും
















